-->
ന്യുഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവശത്തുനിന്നും സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രകോപനം സൃഷ്ടിച്ച പാകിസ്തന്‍ സൈന്യവും. വെള്ളിയാഴ്ച രാവിലെ നിയന്ത്രണ രേഖയില്‍ നിരവധി സ്ഥലങ്ങളില്‍ പാകിസ്ഥാന്‍ സൈന്യം ചെറിയ തോക്കുകളുപയോഗിച്ച് വെടിയുതിര്‍ക്കുകയും ഇന്ത്യന്‍ സൈന്യം വേഗത്തില്‍ പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ്. ആളപായം റിപ്പോര്‍ട്ട് ചയ്തിട്ടില്ല.
കശ്മീരില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കായി സൈന്യം ശക്തമായ തെരച്ചില്‍ നടത്തുന്നുണ്ട്. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിവയ്പ്പ് നടന്നത്. സമീപ വര്‍ഷങ്ങളില്‍ ജമ്മു കശ്മീരില്‍ നടന്ന ഏറ്റവും ഭീകരമായ ആക്രമണങ്ങളിലൊന്നായിരുന്നു കഴിഞ്ഞ ദിവസം വിനോദ സഞ്ചാരികള്‍ക്ക് നേരെ നടന്നത്. കുറ്റവാളികള്‍ക്ക് അവരുടെ ഭാവനയ്ക്ക് അപ്പുറത്ത് നില്‍ക്കുന്ന തിരിച്ചടി നല്‍കുമെന്ന് ആക്രമണത്തിന് ശേഷമുള്ള തന്റെ ആദ്യ പൊതുപരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഹിന്ദിയില്‍ സംസാരിക്കുന്നതിനിടെ, അദ്ദേഹം ഇംഗ്ലീഷിലേക്ക് മാറി പറഞ്ഞു, 'സുഹൃത്തുക്കളേ, ഇന്ന് ബീഹാറിന്റെ മണ്ണില്‍ നിന്ന്, ഞാന്‍ ലോകത്തോട് മുഴുവന്‍ പറയുന്നു, ഇന്ത്യ എല്ലാ തീവ്രവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും തിരിച്ചറിയുകയും ട്രാക്ക് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യും. ഭൂമിയുടെ അറ്റം വരെ ഞങ്ങള്‍ അവരെ പിന്തുടരും. ഇന്ത്യയുടെ ആത്മാവ് തീവ്രവാദത്താല്‍ ഒരിക്കലും തകര്‍ക്കപ്പെടില്ല.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന മാരകമായ ഭീകരാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് 48 മണിക്കൂറിനുള്ളില്‍ എല്ലാ പാകിസ്ഥാന്‍ പൗരന്മാരും ഇന്ത്യ വിടണമെന്ന് ഇന്ത്യ ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഒരു മാധ്യമസമ്മേളനത്തില്‍ പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു, സൈനിക അറ്റാച്ചുകളെ പുറത്താക്കുന്നതും ഉള്‍പ്പെടെ. ബുധനാഴ്ച വൈകുന്നേരം നടന്ന സുരക്ഷാ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) യോഗത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
അതിനിടയില്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാക് കസ്റ്റഡിയിലായ ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും ഇന്ത്യ നടത്തുന്നുണ്ട്. ജവാന്റെ മോചനത്തിനായി ഫ്‌ളാഗ് മീറ്റിങ് വിളിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള നോ മാന്‍സ് ലാന്‍ഡില്‍ കര്‍ഷകര്‍ വിളയെടുക്കുമ്പോള്‍ ആയിരുന്നു പിടിയിലായത്. ഇവര്‍ക്ക് നിര്‍ദേശം നല്‍കി മുന്നോട്ടുപോകവേയാണ് പി.കെ. സിങ് പാകിസ്താന്റെ ഭാഗത്തേക്ക് കടന്നത്. അബദ്ധത്തില്‍ ഇരു രാജ്യങ്ങളിലെയും സൈനികര്‍ അതിര്‍ത്തി കടക്കുന്നത് അപൂര്‍വമല്ല. പഞ്ചാബിലെ ഫിറോസ്പുര്‍ രാജ്യാന്തര അതിര്‍ത്തിയില്‍നിന്നാണ് ജവാനെ കസ്റ്റഡിയിലെടുത്തത്. 182-ാം ബറ്റാലിയന്‍ കോണ്‍സ്റ്റബിളായ പി.കെ സിങ്ങാണ് പാക് റഞ്ചേഴ്‌സിന്റെ പിടിയിലായത്.