-->
ഓൺലൈൻ പ്ലാറ്റ് ഫോമുകളെ ഒരുപാട് ആശ്രയിക്കുന്ന ഒരു തലമുറയാണ് ഇന്നത്തേത്. ഫുഡ് ഡെലിവറി ആപ്പുകളാണ് ഏറ്റവുമധികം ആളുകൾ ആശ്രയിക്കാറുള്ളത്. സോമറ്റോയും സ്വിഗി യുമൊക്കെ അക്കൂട്ടത്തിൽ മുൻപന്തിയിലാണ്.
ഇപ്പോഴിതാ ഒരു സൊമാറ്റോ ഡെലിവറി ഏജന്റിന്റെ ഒരു നോട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറൽ ആകുന്നത്. ബെംഗളൂരുവില്‍ നിന്നുള്ള ഈ യുവാവ് ഫുഡ് ഡെലിവറി ഓർഡറിനൊപ്പം ഒരു കുഞ്ഞുകുറിപ്പും കൂടി വച്ചിരുന്നു. കുറിപ്പിൽ, തനിക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യേണ്ടതുണ്ട്, അതിനുള്ള അവസരമുണ്ടെങ്കില്‍ അറിയിക്കാനാണ്.
നിഖില്‍ സി എന്ന ഒരു കസ്റ്റമറാണ് ലിങ്ക്ഡ്‌ഇന്നില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തത്.
നിഖില്‍ ഓർഡർ ചെയ്ത ഭക്ഷണത്തിനൊപ്പമാണ് ഈ കുറിപ്പ് കിട്ടിയത്. ബെംഗളൂരുവില്‍ നിന്നുള്ള സൊല്യൂഷൻ എഞ്ചിനീയറാണ് നിഖില്‍. സൊമാറ്റോ ഡെലിവറി ഏജന്റിനെ അഭിനന്ദിച്ചുകൊണ്ടാണ് നിഖില്‍ പോസ്റ്റിട്ടത്.
കൈകൊണ്ടെഴുതിയിരിക്കുന്ന ഒരു കുറിപ്പാണ് നിഖിലിന്റെ ഭക്ഷണത്തിനൊപ്പം ഉണ്ടായിരുന്നത്. അതില്‍ പറയുന്നത്, "ഞാനൊരു കോളേജ് വിദ്യാർത്ഥിയാണ്. മാർക്കറ്റിംഗ് ഇന്റേണ്‍ഷിപ്പിന് വേണ്ടി അന്വേഷിക്കുകയാണ്. എനിക്ക് പറ്റിയ അവസരമുണ്ടെങ്കില്‍ തന്നെ അറിയിക്കുമല്ലോ.
ഞാൻ മാർക്കറ്റിംഗില്‍ (സെയില്‍സില്‍ അല്ല) ഒരു സമ്മർ ഇന്റേണ്‍ഷിപ്പിനായി അന്വേഷിക്കുന്ന ഒരു കോളേജ് വിദ്യാർത്ഥിയാണ്. എന്നെ ബന്ധപ്പെടുക..." എന്ന കുറിപ്പില്‍ ഫോണ്‍ നമ്പറും ചേർത്തിട്ടുണ്ട്. കുറിപ്പിന്റെ മറുഭാഗത്ത് തന്റെ മോശം കയ്യക്ഷരത്തിന് ക്ഷമയും ചോദിച്ചിട്ടുണ്ട്.
യുവാവിന്റെ ധൈര്യത്തെ നിഖില്‍ പോസ്റ്റില്‍ അഭിനന്ദിച്ചു. "ചില സമയങ്ങളില്‍ ഇങ്ങനെയും അവസരങ്ങള്‍ക്ക് വേണ്ടി അന്വേഷിക്കാം. ആരെങ്കിലും ഈ വിദ്യാർത്ഥിക്ക് കഴിവ് ഉണ്ട് എന്ന് തോന്നിയാല്‍ അവനുള്ള അവസരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു..." പോസ്റ്റിനൊപ്പം നിഖില്‍ കുറിച്ചു. നിഖില്‍ മാത്രമല്ല ഒരുപാടുപേരാണ് സോഷ്യല്‍ മീഡിയയില്‍ ഈ യുവാവിനെ അഭിനന്ദിച്ചിരിക്കുന്നത്.
ഇങ്ങനെ ചെയ്യാൻ നല്ല ധൈര്യം വേണം, അവനുള്ള അവസരം കിട്ടട്ടെ എന്ന് കമന്റ് ഇട്ടവരുമുണ്ട്.
എന്നാൽ അക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്, ഈ കുറിപ്പ് എഴുതിയിട്ട യുവാവ് മറുപടി കമന്റാണ്. കരണ്‍ അന്ധാനി എന്ന യുവാവ് കുറിച്ചത്, "ആ ഡെലിവറി ബോയ് താനാണ്. പോസ്റ്റിന് നന്ദി..." എന്നാണ്.