-->
ഇന്ന് ഭൂരിഭാഗം ആളുകളും വിദേശ രാജ്യങ്ങളിലേക്ക് കുടിയേറി പാര്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. മെച്ചപ്പെട്ട ശമ്പളവും ജീവിത സാഹചര്യവുമാണ് ഇതിനുള്ള കാരണം. എന്നാല്‍, അതുപോലെ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് പോയശേഷം തനിക്ക് വലിയ ശൂന്യതയാണ് എന്നും അത് എങ്ങനെ മാറ്റാമെന്നുമാണ് ഒരു യുവാവ് മറ്റ് പ്രവാസികളോട് ചോദിക്കുന്നത്. റെഡ്ഡിറ്റിലാണ് യുവാവ് പോസ്റ്റ് പങ്കുവച്ചത്.
32 -കാരനായ യുവാവ് പറയുന്നത് നല്ല തുക സമ്പാദിക്കാനാവുന്നുണ്ടെങ്കിലും അമേരിക്കയിലേക്ക് മാറിയത് തന്റെ ജീവിതത്തില്‍ വലിയ ശൂന്യതയാണ് ഉണ്ടാക്കുന്നത് എന്നാണ്. തന്റെ വ്യക്തിത്വം തന്നെ മാറുന്നു, അതെങ്ങനെ പരിഹരിക്കാം എന്നാണ് യുവാവിന് അറിയേണ്ടിയിരുന്നത്. നിരവധിപ്പേരാണ് യുവാവിനെ സഹായിക്കാനായി പലതരം നിര്‍ദ്ദേശങ്ങള്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. താന്‍ ഇന്ത്യയില്‍ നിന്നും വളരെ ദൂരെയാണ്. ഒരുപാട് ലീവുകള്‍ നഷ്ടപ്പെടുത്തിയല്ലാതെ പോയി വരാനാവില്ല. തന്റെ ഐഡന്റിറ്റി തന്നെ നഷ്ടപ്പെടുന്നത് പോലെയാണ് തോന്നുന്നത്. പ്രണയിക്കാന്‍ സമയമില്ലാത്തതിനാല്‍ പ്രണയം തന്നെ താന്‍ ഉപേക്ഷിച്ചിരിക്കുകയാണ് എന്നാണ് യുവാവ് പറയുന്നത്.
വെക്കേഷന് ഒക്കെ പോകുന്നുണ്ടെങ്കിലും തിരികെ വന്നാല്‍ വീണ്ടും പഴയ അതേ മനോനിലയിലേക്ക് തന്നെയാണ് എത്തുന്നത്. തന്റെ സന്തോഷമുള്ള എല്ലാ ഓര്‍മ്മകളും ഇന്ത്യയിലാണ്. ഇവിടെ എത്തിയശേഷം തനിക്ക് തന്നെത്തന്നെ നഷ്ടപ്പെടുന്നു എന്നാണ് യുവാവിന്റെ സങ്കടം. ഇവിടെ തനിക്ക് സുഹൃത്തുക്കളില്ല എന്നും അവരെല്ലാം മറ്റ് ഭാഗങ്ങളിലാണ് ഉള്ളത് എന്നും യുവാവ് പറയുന്നു. നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകള്‍ നല്‍കി അയാളെ സഹായിക്കാനെത്തിയത്. ജിമ്മില്‍ പോവുക, പുതിയ ഹോബികള്‍ തുടങ്ങുക, സ്വയം കണ്ടെത്താന്‍ ശ്രമിക്കുക തുടങ്ങിയ ഉപദേശങ്ങളാണ് പലരും യുവാവിന് നല്‍കിയത്. തങ്ങള്‍ വിദേശത്ത് എത്തിയപ്പോഴും ഏകദേശം ഇതേ മനോനില തന്നെ ആയിരുന്നു എന്നും അത് മാറ്റിയെടുക്കാനാവുമെന്നും പറഞ്ഞവരും ഉണ്ട്.