-->
ജയില്‍ തടവുകാര്‍ക്ക് വേണ്ടി പ്രത്യേക സെക്‌സ് റൂം ഒരുക്കി ഇറ്റലി. മധ്യ ഉംബ്രിയ മേഖലയിലെ ഒരു ജയിലിലാണ് ഈ പ്രത്യേക സൗകര്യം ഒരുക്കിയത്. വെള്ളിയാഴ്ച മുതലാണ് ഇവിടെ സെക്‌സ് റൂം പ്രവര്‍ത്തിച്ച് തുടങ്ങിയത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അന്ന് ഒരു തടവുപുള്ളിക്ക് ഇവിടെ വച്ച് അയാളുടെ കാമുകിയെ സന്ദര്‍ശിക്കാനായി എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജയിലിന് പുറത്തുള്ള പങ്കാളികളുമായി അടുത്തിടപഴകാനുള്ള തടവുകാരുടെ അവകാശം കോണ്‍സ്റ്റിറ്റിയൂഷണല്‍ കോര്‍ട്ട് അംഗീകരിച്ചതോടെയാണ് തടവുകാര്‍ക്ക് ഇപ്പോള്‍ ഈ സ്വകാര്യ സന്ദര്‍ശനങ്ങള്‍ അനുവദിച്ചിരിക്കുന്നത്. ഈ പുതിയ പരിഷ്‌കാരം നന്നായി പോകുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട്. പക്ഷേ, ഇതിലുള്ളവരുടെ സ്വകാര്യത നിലനിര്‍ത്തേണ്ടതുണ്ട് എന്നാണ് തടവുകാരുടെ അവകാശങ്ങള്‍ക്കായുള്ള ഉംബ്രിയയുടെ ഓംബുഡ്സ്മാന്‍ ഗ്യൂസെപ്പെ കഫോറിയോ പറഞ്ഞത്.
പരീക്ഷണം നല്ലതായിരുന്നു. അടുത്ത ദിവസങ്ങളില്‍ ഇതുപോലെ കൂടുതല്‍ തടവുകാര്‍ക്ക് തങ്ങളുടെ പങ്കാളികളെ കാണാനുള്ള അവസരം കിട്ടും എന്നും അദ്ദേഹം പറയുന്നു. ടെര്‍ണിയയിലെ ജയിലിലാണ് ആദ്യമായി സെക്‌സ്‌റൂമില്‍ തടവുകാരനും പങ്കാളിയും കണ്ടുമുട്ടിയത്.
2024 -ലാണ് ഇത്തരം കൂടിക്കാഴ്ചകള്‍ അനുവദിച്ചുകൊണ്ടുള്ള വിധി വന്നത്. അതില്‍ പറയുന്നത് പുരുഷ തടവുകാര്‍ക്ക് ഭാര്യമാരെയോ ഏറെക്കാലമായിട്ടുള്ള കാമുകിമാരെയോ ഇതുപോലെ കാണാനുള്ള അവസരം ഉണ്ട് എന്നാണ്. ജയിലിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഈ മുറിക്കടുത്ത് ഉണ്ടാകില്ല എന്നും പറയുന്നു. രണ്ട് മണിക്കൂറാണ് തടവുകാര്‍ക്കും പങ്കാളികള്‍ക്കും വേണ്ടി അനുവദിക്കുക. ഈ പ്രത്യേക 'സെക്‌സ്‌റൂമി'ല്‍ ഒരു ബെഡ്ഡും ടോയ്‌ലെറ്റ് സൗകര്യവും ഉണ്ടാകും.
ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ്, സ്വീഡന്‍ തുടങ്ങി യൂറോപ്യന്‍ രാജ്യങ്ങളില്‍ പലയിടങ്ങളിലും നേരത്തെ തന്നെ ഇതുപോലെ തടവുകാര്‍ക്ക് ശാരീരികമായി അടുപ്പം കാണിക്കാനുള്ള അവസരം ജയിലില്‍ നടപ്പിലാക്കിയിരുന്നു.