-->
ബര്‍ഗര്‍ പൊതുവെ കഴിക്കാന്‍ അല്പം പ്രയാസമുള്ള ഭക്ഷണമാണ്. എന്നാല്‍ അലാസ്‌കയിലെ കെറ്റ്ചിക്കയില്‍ നിന്നുള്ള മേരി പേള്‍ എന്ന വനിതയ്ക്ക് ഒരു സാധാരണ ബര്‍ഗര്‍ ആനവായില്‍ അമ്പഴങ്ങ പോലെയാണെന്നു പറയാം. ഒരു പാറ്റി മാത്രമുള്ള ബര്‍ഗര്‍ പോലും താഴെ വീഴാതെ വായില്‍ പൂര്‍ണമായി ഉള്‍ക്കൊള്ളിച്ച് കഴിക്കാന്‍ ആളുകള്‍ പ്രയാസപ്പെടുമ്പോള്‍ പത്തു പാറ്റികള്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിവച്ച ഭീമന്‍ ബര്‍ഗര്‍ നിഷ്പ്രയാസം മേരിയുടെ വായില്‍ കടന്നുപോകും. വായയുടെ ഈ വലിപ്പത്തിന്റെ പേരില്‍ ഗിന്നസ് ലോക റെക്കോര്‍ഡ് തന്നെ നേടിയിരിക്കുകയാണ് മേരി.
തന്റെ വായയ്ക്ക് അസാമാന്യ വലിപ്പമുണ്ടെന്ന് പണ്ടുമുതലേ മേരിക്ക് തോന്നിയിരുന്നു. എന്നാല്‍ ഇത് അത്ര വലിയ കാര്യമാണെന്ന് ഒരിക്കലും കരുതിയതേയില്ല. അങ്ങനെയിരിക്കെയാണ് 2021 ല്‍ ഏറ്റവും വലിയ വായയുള്ള വനിത എന്ന റെക്കോര്‍ഡ് സൃഷ്ടിക്കപ്പെട്ടതായി മേരി അറിഞ്ഞത്. വായ പിളര്‍ന്ന നിലയില്‍ ചുണ്ടുകള്‍ക്കിടയിലെ ഗ്യാപ്പ് അളന്ന് അതില്‍ റെക്കോര്‍ഡ് സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് അറിഞ്ഞ മേരി സ്വന്തം വായയുടെ വലിപ്പം അളന്നു നോക്കി. നിലവിലെ റെക്കോര്‍ഡ് ജേതാവിന്റെ വായ പൂര്‍ണമായി തുറക്കുമ്പോള്‍ 2.56 ഇഞ്ചാണെങ്കില്‍ മേരിയുടെ വായയ്ക്ക് 2.98 ഇഞ്ച് വലിപ്പമാണുള്ളത്. അഞ്ച് ജങ്ക ബ്ലോക്കുകള്‍, ബേസ് ബോള്‍, ഡോളര്‍ നോട്ട് എന്നിങ്ങനെ ഒരു സാധാരണ മനുഷ്യന്‍ വായില്‍ കൊള്ളാത്ത വസ്തുക്കളെല്ലാം നിഷ്പ്രയാസം മേരിയുടെ വായയ്ക്കുള്ളില്‍ കടക്കും.
ചെറുപ്പം മുതല്‍ തന്നെ തന്റെ വായയുടെ വലിപ്പം മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു എന്ന് മേരി പറയുന്നു. വലിയ ആപ്പിളുകളും ലൈറ്റ് ബള്‍ബുമൊക്കെ വായയ്ക്കുള്ളില്‍ കടത്തി കൂട്ടുകാരെ അമ്പരപ്പിക്കുന്നത് പതിവ് വിനോദവുമായിരുന്നു. എന്നാല്‍ മുതിര്‍ന്ന ശേഷം ഈ വ്യത്യസ്തത കാര്യമായി എടുത്തില്ല. ചില അവസരങ്ങളില്‍ അബദ്ധത്തില്‍ വായയുടെ യഥാര്‍ഥ വലിപ്പം മറ്റുള്ളവര്‍ കാണുമ്പോള്‍ അവര്‍ ഭയക്കുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ ഒടുവില്‍ ഈ അപൂര്‍വത തന്നെ റെക്കോര്‍ഡ് നേട്ടത്തിലേയ്ക്ക് എത്തിക്കുകയായിരുന്നു.