-->
നീണ്ട വര്‍ഷങ്ങള്‍ക്കൊടുവില്‍ സമുദ്രത്തിലെ ഭീമന്‍ ജീവിയും കശേരുക്കളില്ലാത്ത ജീവിവിഭാഗത്തില്‍ ഏറ്റവും വലുതുമായ കൊളോസല്‍ കണവ ക്യാമറയില്‍ പതിഞ്ഞു. അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളില്‍ ഇതു സഞ്ചരിക്കുന്നതിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇങ്ങനെയൊരു ജീവി സമുദ്രത്തിലുണ്ടെന്നു നേരത്തെ അറിയാവുന്ന കാര്യമാണെങ്കിലും ഇപ്പോഴാണ് ഇതിന്റെ ചിത്രമെടുക്കാന്‍ സാധിച്ചത്. 1925ല്‍ വേട്ടയാടിപ്പിടിച്ച ഒരു സ്പേം തിമിംഗലത്തിന്റെ ആമാശയത്തിലാണ് ഈ ജീവിയുടെ ശേഷിപ്പുകള്‍ ആദ്യമായി കണ്ടത്.
തെക്കന്‍ സാന്‍വിച്ച് ദ്വീപുകള്‍ക്കു സമീപമാണ് ഇപ്പോള്‍ ഈ ജീവിയെ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ 30 സെന്റിമീറ്റര്‍ മാത്രം വലുപ്പമുള്ള ഈ ജീവിയുടെ ഒരു കുഞ്ഞിന്റെ ചിത്രമാണ് ഇപ്പോള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശാസ്ത്രജ്ഞര്‍ക്കു കഴിഞ്ഞത്. കൊളോസല്‍ കണവയില്‍ തന്നെയുള്ള ഒരു ഉപവിഭാഗമായ ഗ്ലാസ് കണവകളില്‍ പെട്ടതാണ് ഈ ജീവി. ഓഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനവുമായി ചേര്‍ന്ന് ഷ്മിറ്റ് ഓഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് മേഖലയില്‍ പര്യവേക്ഷണം നടത്തിയത്. കടലാഴങ്ങളില്‍ താമസിക്കുന്നതിനാല്‍ പുറത്തേക്കു തീരെ വെട്ടപ്പെടാത്ത ജീവികളാണു കൊളോസല്‍ കണവകള്‍.
പ്രധാനമായും അന്റാര്‍ട്ടിക്കയ്ക്ക് സമീപമുള്ള ആഴക്കടല്‍ മേഖലയിലാണ് ഇവയുടെ ആവാസ വ്യവസ്ഥയെന്നു കരുതപ്പെടുന്നു. 46 അടി വരെ നീളവും 500 കിലോ വരെ ഭാരവും ഇവയ്ക്കുണ്ടാകാമെന്ന് ഗവേഷകര്‍ കണക്കാക്കുന്നു. ചെറുതും വലുതുമായ മത്സ്യങ്ങളെയും മറ്റു കണവകളെയുമൊക്കെ ഇവ ഭക്ഷിക്കും. ഇവയുടെ കൊമ്പുകളില്‍ പ്രത്യേകതരം സക്കര്‍ ഘടനകളുണ്ട്. ഇവ ഇരകളെ പിടിക്കാനും തങ്ങളെ പിടിക്കാന്‍ വരുന്ന വേട്ടക്കാരെ ഓടിക്കാനും സഹായകമാണ്. സ്പേം വേലുകള്‍ ഈ സ്‌ക്വിഡുകളെ പിടിക്കാന്‍ ശ്രമിക്കാറുണ്ട്.