Sunday, March 15, 2026 Last Updated 53 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 19 Apr 2025 10.00 AM

50 കോടിയുടെ വോള്‍ഫ് ഡോഗിനെ സ്വന്തമാക്കിയെന്ന് വെളിപ്പെടുത്തല്‍, പിന്നാലെ ഇഡി റെയ്ഡ്: ഒടുവില്‍ കള്ളം പുറത്ത്

ed, investigate, bengaluru, breeder, purchase, 50, crore, dog

അന്‍പത് കോടിയോളം രൂപയ്ക്ക് വോള്‍ഫ് ഡോഗിനെ സ്വന്തമാക്കിയ ബംഗളൂരു സ്വദേശി എസ്. സതീഷിന്റെ വീട്ടില്‍ പരിശോധന നടത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വോള്‍ഫ് ഡോഗിനെ വാങ്ങിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സി പരിശോധനയ്ക്കായി എത്തിയത്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ) ലംഘനങ്ങള്‍ അന്വേഷിക്കാനായിരുന്നു ഇഡി ഉദ്യോഗസ്ഥരുടെ പരിശോധന. എന്നാല്‍, പരിശോധനയില്‍ ഇത്തരത്തില്‍ ഒരു നായയെ ഇയാള്‍ വാങ്ങിയിട്ടില്ലെന്നും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്നതിനും സോഷ്യല്‍ മീഡിയയില്‍ താരം ആകുന്നതിനുമായി കെട്ടിച്ചമച്ചതാണെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

പുറത്തുവരുന്ന പിടിഐ റിപ്പോര്‍ട്ട് അനുസരിച്ച് ഇത്തരത്തില്‍ ഒരു നായയെ വാങ്ങാനുള്ള സാമ്പത്തികശേഷി ഇയാള്‍ക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. വോള്‍ഫ് ഡോഗ് ഇനത്തില്‍പ്പെട്ട ലോകത്തിലെ ഏറ്റവും വിലയേറിയ നായയെ ഇയാള്‍ 50 കോടി രൂപയ്ക്ക് വാങ്ങി എന്നായിരുന്നു മുന്‍പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഈ അവകാശവാദം സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ വീട് സന്ദര്‍ശിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ എത്തിയത്. എന്നാല്‍ പരിശോധനയില്‍ ഇയാള്‍ പറഞ്ഞതെല്ലാം വ്യാജമാണെന്ന് തെളിയുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെച്ചിരുന്ന ആ നായ യഥാര്‍ത്ഥത്തില്‍ ഇയാളുടെ അയല്‍ക്കാരന്റെ ഉടമസ്ഥതയിലുള്ളതും ഒരുലക്ഷത്തില്‍ താഴെ വിലയുള്ള നായയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുന്‍പ് പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ 150 -ല്‍ അധികം വ്യത്യസ്ത ഇനങ്ങളില്‍ പെട്ട നായ്ക്കള്‍ സ്വന്തമായുള്ള ഒരു ഡോഗ് ബ്രീഡര്‍ ആയാണ് ഇയാളെ വിശേഷിപ്പിച്ചിരുന്നത്. ഇഡിയുടെ പരിശോധനയില്‍ ഇക്കാര്യങ്ങളെല്ലാം വ്യാജമാണെന്ന് തെളിഞ്ഞു.

Ads by Google
Saturday 19 Apr 2025 10.00 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW