-->
വെറും കളിത്തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി ജ്വല്ലറിയില്‍ നിന്നും കൊള്ളയടിച്ചത് ലക്ഷങ്ങള്‍. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ഇവിടെ ധയാരി പ്രദേശത്തെ ഒരു ജ്വല്ലറിയില്‍ കൊള്ളക്കാര്‍ അതിക്രമിച്ചു കയറുകയും കടയുടമയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണം കവരുകയും ചെയ്തു. എന്നാല്‍, പിന്നീടാണ് കൊള്ളക്കാര്‍ കൊണ്ടുവന്നത് വെറും കളിത്തോക്കായിരുന്നെന്ന് മനസ്സിലായത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം അക്രമികള്‍ കടയുടമയായ വിഷ്ണു ദഹിവാളിനെ ഈ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നത്രെ. ശേഷം ഏകദേശം 20 മുതല്‍ 25 തോല സ്വര്‍ണ്ണം ഇവര്‍ കൊള്ളയടിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, പോലീസും കടയുടമയും ഞെട്ടിയത് ഇതുകൊണ്ടൊന്നും ആയിരുന്നില്ല. കളവിന് വേണ്ടി ഉപയോഗിച്ചിരുന്നത് വെറും കളിത്തോക്കായിരുന്നു എന്ന് അറിഞ്ഞപ്പോഴാണ്.
സംഭവത്തിന്റെ ദൃശ്യങ്ങളെല്ലാം ഇവിടെയുള്ള സിസിടിവിയില്‍ പതിഞ്ഞിട്ടുമുണ്ട്. ഈ ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷം ഇത് ഉപയോഗിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. വീഡിയോയില്‍ മാസ്‌ക് ധരിച്ച രണ്ടുപേര്‍ ജ്വല്ലറിയുടെ അകത്തേക്ക് പ്രവേശിക്കുന്നത് കാണാം. നേരത്തെ ഹരിയാനയിലെ സോനിപത്തിലും ഇതുപോലെ ഒരു സംഭവം നടന്നിരുന്നു. പിരിച്ചുവിട്ടതിന് പിന്നാലെ ഫ്‌ലിപ്കാര്‍ട്ട് ഓഫീസില്‍ കയറി കളിത്തോക്ക് കാണിച്ച് മുന്‍ ജീവനക്കാരനടക്കം മൂന്നുപേര്‍ ചേര്‍ന്ന് അന്ന് കവര്‍ന്നത് 21 ലക്ഷം രൂപയാണ്.