-->
അഭിനേതാവ്, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ പ്രേക്ഷക പ്രീതി നേടിയ താരമാണ് പൃഥ്വിരാജ് സുകുമാരൻ. കരിയറിൽ തിളങ്ങി നിൽക്കുന്ന താരം തന്റെ മികവുറ്റ അഭിനയത്തിന് ഒരുപാട് പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
ഇപ്പോഴിതാ ഇത്തവണ ത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി നടൻ പൃഥ്വിരാജ്. ആടുജീവിതം എന്ന ചിത്രത്തിലെ നജീബ് എന്ന കഥാപാത്രമായിട്ടുള്ള പ്രകടനമാണ് പൃഥ്വിരാജിനെ പുരസ്‌കാരർഹനാക്കിയത്.
കരിയറില്‍ അല്ലെങ്കില്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്ഭുത സിനിമയായിട്ടാണ് ആടുജീവിതത്തിനെ താൻ കാണുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു.
"ആടുജീവിതം എനിക്ക് വളരെ സ്പെഷ്യല്‍ ആണ്. ഒരു നടനെ സംബന്ധിച്ച് കരിയറില്‍ അല്ലെങ്കില്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്ഭുത സിനിമയായിട്ടാണ് ആടുജീവിതത്തിനെ ഞാൻ കാണുന്നത്.
ഒരു സിനിമയ്ക്ക് വലിയ തോതിലുള്ള ജനപ്രീതിയും അതുപോലെ അംഗീകാരങ്ങളും ഒരുമിച്ച് ലഭിക്കുക എന്നത് വളരെ വിരളമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. അതിന് നന്ദി പറയേണ്ടത് ബ്ലെസ്സി ചേട്ടനോടാണ്. ബ്ലെസി ചേട്ടന്റെ ഈ തപസ്സ്, അദ്ദേഹം ഈ സിനിമ പൂർത്തീകരിച്ച് അത് ജനങ്ങള്‍ക്ക് മുൻപിലേക്ക് എത്തിക്കാനുള്ള അദ്ദേഹത്തിന്റെ ആ ത്വര, വരും തലമുറകള്‍ക്ക് സിനിമയിലും അല്ലാതെയും ഒരു പാഠമാകട്ടെ എന്ന് ആശംസിക്കുന്നു.
മൂന്നാമത്തെ തവണയാണ് പുരസ്കാരം ലഭിക്കുന്നത്. ജെ.സി. ഡാനിയേലായി അഭിനയിച്ചതിനാണ് മുൻപ് സംസ്ഥാന പുരസ്കാരം ലഭിച്ചത്. ജെ.സി. ഡാനിയേല്‍ പുരസ്കാരം സംവിധായകൻ ഷാജി എൻ. കരുണിനു സമ്മാനിച്ച ദിവസം തന്നെ സംസ്ഥാന പുരസ്കാരം ലഭിച്ചത് യാദൃച്ഛികതയായി. പുരസ്കാരത്തിന് അർഹനാക്കിയ ജൂറിക്കും പ്രേക്ഷകർക്കും മലയാള സിനിമയ്ക്കും നന്ദി പറയുന്നു..." പൃഥ്വിരാജ് പറഞ്ഞു.
തിരുവനന്തപുരത്ത് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു താരം.
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി ഒരുക്കിയ ചിത്രം 2024 മാർച്ചിലാണ് റിലീസ് ചെയ്തത്. നിരൂപക പ്രശംസയും, പ്രേക്ഷകപ്രശംസയും കൈവരിച്ച ചിത്രം ആഗോളതലത്തില്‍ മികച്ച കളക്ഷനും നേടിയിരുന്നു. അമല പോള്‍, ഗോകുല്‍, ജിമ്മി ജീൻ ലൂയിസ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.