-->
മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായകനാണ് നിവിന്‍ പോളി. പിന്നീടിങ്ങോട്ട് കൗമാരക്കാരുടെ മനസ്സിലെ തരംഗമായി നിവിന്‍ മാറി. പ്രണയ നായകനിൽ നിന്ന് സീരിയസ് വേഷങ്ങളിലേക്ക് നിവിൻ ചുവടു മാറിയപ്പോഴും ആരാധകർ താരത്തെ സ്വീകരിച്ചു. ഹിറ്റ് മേക്കർ ലിസ്റ്റിലേക്ക് നിവിൻ ചുരുങ്ങിയ സമയം കൊണ്ടു എത്തിപ്പെട്ടു.
എന്നാൽ സമീപകാലത്തായി താരം നായകനായി എത്തിയ പല ചിത്രങ്ങളും വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. 'വര്‍ഷങ്ങള്‍ക്ക് ശേഷ'ത്തിലെ എക്‌സ്റ്റെന്റഡ് കാമിയോ വേഷം മാത്രമാണ് ഈ അടുത്ത വര്‍ഷങ്ങളിലെ ശ്രദ്ധിക്കപ്പെട്ട വേഷം. 'നിതിന്‍ മോളി' എന്ന കഥാപാത്രം ആ സിനിമയുടെ വിജയത്തില്‍ പോലും നിര്‍ണായകമായി. താരം നായകനായി എത്തുന്ന സിനിമയിലൂടെ ബോക്‌സ് ഓഫീസില്‍ നിവിന്‍ പോളി വലിയ വിജയം കൊയ്യുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. തന്റെ ഏറ്റവും പുതിയ സിനിമയായ ബേബി ഗേളിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്തിരിക്കയാണ് താരം.
ഇപ്പോഴിതാ ലൊക്കേഷനില്‍ ജോയിൻ ചെയ്യാനെത്തിയ നിവിൻ പോളിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ചെണ്ടമേളവും പടക്കവുമൊക്കെ പൊട്ടിച്ചായിരുന്നു നിവിൻ പോളിയെ സംവിധായകനും അണിയറക്കാരും സെറ്റിലേക്കു സ്വീകരിച്ചത്. ഇതാദ്യമായാണ് തനിക്ക് ഇങ്ങനെയൊരു സ്വീകരണം ഒരു സിനിമയുടെ സെറ്റില്‍ ലഭിക്കുന്നതെന്ന് നിവിൻ പോളി പറഞ്ഞു.
‘‘സിനിമയുടെ സെറ്റില്‍ ഇന്നു ജോയിൻ ചെയ്യുകയാണ്. ആദ്യമായാണ് ഇങ്ങനെയൊരു സ്വീകരണമൊക്കെ ലഭിക്കുന്നത്. സാധാരണ വന്ന ശേഷം വസ്ത്രമൊക്കെ മാറി നേരെ കാമറയ്ക്കു മുന്നിലേക്കു വരുകയാണ് പതിവ്.
ഇതിപ്പോള്‍ ചെണ്ട മേളമൊക്കെ, കളിയാക്കിയതാണോ എന്നു സംശയമുണ്ട്. വൈകുന്നേരം നിർമാതാവിന് അടുത്ത് ചോദിച്ചുകൊള്ളാം....’’ എന്നാണ് നിവിന്‍ പോളി പറഞ്ഞത്. വിഷു ദിനത്തിലാണ് താരം പുതിയ ചിത്രത്തില്‍ ജോയിൻ ചെയ്തത്.