-->
ഭൂകമ്പ സൂചന ലഭിച്ചതിന് പിന്നാലെ ആനക്കൂട്ടം തങ്ങള്‍ക്കിടയിലെ കുട്ടിയാനയെ നടുക്ക് നിര്‍ത്തി ചുറ്റും സുരക്ഷാ വലയം തീര്‍ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. തെക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോ കൌണ്ടിയിലെ ജൂലിയന് സമീപം തിങ്കളാഴ്ച രാവിലെയാണ് 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. തെക്കന്‍ കാലിഫോര്‍ണിയയിലുടെ നീളം ഭൂചനങ്ങളുണ്ടായിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാന്‍ ആന്‍ഡ്രിയാസ് ഫോള്‍ട്ട് സിസ്റ്റത്തിന്റെ ശാഖയായ എല്‍സിനോര്‍ ഫോള്‍ട്ട് സോണിന് തൊട്ട് തെക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇവിടെ നിന്നും ഏകദേശം 200 കിലോമീറ്ററോളം ദൂരെയുള്ള ലോസ്ഏഞ്ചല്‍സ് നഗരം വരെ ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങളുണ്ടായി.
സാന്‍ഡീഗോ മൃഗശാലയുടെ സഫാരി പാര്‍ക്കില്‍ നിന്നുള്ള വീഡിയോയാണ് പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഭൂകമ്പ സൂചനകള്‍ ലഭിച്ചതിന് പിന്നാലെ ഒരു കൂട്ടം ആഫ്രിക്കന്‍ ആനകള്‍ തങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ചെറിയ അംഗത്തെ നടുക്ക് നിര്‍ത്തി അതിന് ചുറ്റും നിലയുറപ്പിച്ച്, ഒരു സുരക്ഷാ വലയം തീര്‍ത്തു. കൂട്ടത്തിലെ ഏറ്റവും ദുര്‍ബലരെയും കുട്ടികളെയും സംരക്ഷിക്കാന്‍ ആനകള്‍ തീര്‍ക്കുന്ന പ്രതിരോധ നടപടിയായിരുന്നു അത്. ആനകളുടെ പ്രവര്‍ത്തി സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു.
സംഭവത്തിന് പിന്നാലെ ആനകളുടെ ശക്തമായ സാമൂഹിക ജീവിതമാണ് ഇത് കാണിക്കുന്നതെന്ന് സാന്‍ ഡിഗോ മൃഗശാല അധികൃതര്‍ അഭിപ്രായപ്പെട്ടു. ആനകള്‍ക്ക് അവയുടെ കാലിന് അടിയില്‍ ഭൂചലന സൂചനകള്‍ ലഭിക്കും. ഇതോടെ അവ കുട്ടികളെ സംരക്ഷിക്കാന്‍ ജാഗരൂകരാകുന്നു. വീഡിയോയില്‍ വിശാലമായ പ്രദേശത്ത് പല ഭാഗത്തായി ആനകള്‍ നടക്കുന്നത് കാണാം. പെട്ടെന്ന് സിസിടിവി ക്യാമറ അനങ്ങിയതിന് പിന്നാലെ ആനകളെല്ലാം ഒരു തുറസായ സ്ഥലത്ത് ഒത്തു കൂടുന്നതും കാണാം.. ഏറ്റവും ചെറിയ ആനയെ തങ്ങളുടെ നടുക്ക് നിര്‍ത്തി മറ്റുള്ളവ ചുറ്റും നില്‍ക്കുകയും ശത്രുക്കളാരെങ്കിലും അടുത്ത് വരുന്നുണ്ടോയെന്ന് സൂക്ഷ്മായി നിരീക്ഷിക്കുന്നു. വീഡിയോ വൈറലായതിന് പിന്നാലെ ആനകള്‍ ബുദ്ധിയും സൌന്ദര്യവുമുള്ളവരാണെന്നും മനുഷ്യന്‍ അവയുടെ സംരക്ഷകരാകണമെന്നും ചിലര്‍ എഴുതി.