-->
എവിടെയാണെങ്കിലും ഏതു ജോലി ചെയ്താലും മലയാളികളുടെ പെരുമാറ്റവും ഇടപെടലുമൊക്കെ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറാറുണ്ട്. വിമാനയാത്രകളിലും കാബിന്‍ ക്രൂവും പൈലറ്റും മലയാളികളായാല്‍ സ്വന്തമെന്ന പോലെയൊരു തോന്നലാണ് കേരളത്തിലുള്ളവര്‍ക്ക്. ക്യാബിന്‍ ക്രൂവിന്റെയും പൈലറ്റിന്റെയും നിര്‍ദ്ദേശങ്ങള്‍ വിമാനയാത്രകളില്‍ പതിവുള്ളതാണ്. എന്നാല്‍, കുശലാന്വേഷണത്തോടെ ഒരുപാട് നേരം രസകരമായി സംവദിക്കുന്ന, ‘പച്ച മലയാള’ത്തില്‍ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് നിർദേശങ്ങള്‍ കൈമാറുന്ന പൈലറ്റുമാര്‍ അപൂർവമായിരിക്കും.
ഇപ്പോഴിതാ അത്തരമൊരു സൗഹൃദ സംഭാഷണത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അബൂദബിയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്ന ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റ് തൊടുപുഴ സ്വദേശി ശരത് മാനുവലാണ് യാത്രക്കൊരുങ്ങും മുൻപ് മലയാളി യാത്രികരോട് രസകരമായി സംവദിച്ചത്. ശരത് മാനുവല്‍ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. സഹ പൈലറ്റും കാബിൻ ക്രൂവും ഉള്‍പ്പെടെ മുഴുവൻ പേരും മലയാളികളായ ഇൻഡിഗോ സർവിസിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചാണ് തുടങ്ങിയത്.
‘‘എത്ര വർഷം കൂടിയാണ് നിങ്ങളെല്ലാം നാട്ടിലേക്ക് മടങ്ങുന്നത്?....’’ എന്നായിരുന്നു യാത്രക്കാര്‍ ഓരോരുത്തരോടും പൈലറ്റ് ആദ്യം ചോദിച്ചത്. പിന്നീട് ഒന്നില്‍ കൂടുതല്‍ വർഷം കഴിഞ്ഞ് മടങ്ങുന്നവർക്ക് തന്റെ വക സ്പെഷ്യല്‍ ചായയും ഓഫർ ചെയ്യുന്നത് വീഡിയോയില്‍ കാണാം. ‘‘നാട്ടിലെത്തിയാല്‍ നിങ്ങള്‍ എന്തായിരിക്കും ആദ്യം ചെയ്യുക...’’ എന്നും പൈലറ്റ് ചോദിക്കുന്നുണ്ട്. യാത്രക്കാരെ നാട്ടിലെ ഓർമകളിലേക്ക് കൊണ്ടുപോയ പൈലറ്റ് അവസാനം സുരക്ഷിതമായ യാത്രയെ കുറിച്ചുള്ള നിർദേശങ്ങളും അവസാനം പറയുന്നുണ്ട്.
‘‘ഇവിടെ നിന്ന് നാട്ടിലേക്ക് ഏകദേശം 2800 കിലോമീറ്റർ ദൂരമുണ്ട്, മൂന്നുമണിക്കൂർ 45 മിനിറ്റ് കൊണ്ട് നാട്ടിലെത്തുന്നതാണ്. നിങ്ങള്‍ സ്പീഡില്‍ ഓടിക്കാൻ പറഞ്ഞാല്‍ സ്പീഡില്‍ ഓടിക്കാം. കുറച്ചൂടെ നേരത്തെ എത്തിക്കാൻ ശ്രമിക്കാം, എല്ലാവരും സീറ്റ് ബെല്‍റ്റിട്ടേക്കണം...’’ എന്നു പറയുന്നുണ്ട് പൈലറ്റ്. ഈ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വൈറലായി മാറുന്നത്.
2014 ല്‍ ഇന്ത്യൻ ഒഫീഷ്യല്‍ കൊമേഴ്സ്യല്‍ ഫ്ലൈറ്റ് ലൈസൻസ് നേടിയ ഇടുക്കി സ്വദേശിയായ ശരത് 2016 ല്‍ ഇൻഡിഗോയില്‍ ജൂനിയർ ഫസ്റ്റ് ഓഫീസറായി ജോലി ആരംഭിച്ചു.