-->
ചിമ്പാന്‍സി കുഞ്ഞിനെ മനുഷ്യ കുട്ടിയെ പോലെ അണിയിച്ചൊരുക്കിയതിന് ചൈനീസ് മൃഗശാലക്കെതിരെ രൂക്ഷ വിമര്‍ശനം. മധ്യ ചൈനയിലെ ഒരു മൃഗശാലയിലാണ് കുഞ്ഞ് ചിമ്പാന്‍സിയെ ഒരു കൊച്ചു പെണ്‍കുട്ടിയെപ്പോലെ തോന്നിപ്പിക്കതക്ക വിധത്തില്‍ വസ്ത്രങ്ങള്‍ ധരിപ്പിക്കുകയും ഹെയര്‍ സ്‌റ്റൈല്‍ ചെയ്യുകയും ചെയ്തതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഹെനാന്‍ പ്രവിശ്യയിലെ ക്വിന്‍യാങ്ങിലുള്ള ഹെഷെങ് ഫോറസ്റ്റ് മൃഗശാലയിലാണ് സംഭവം. ഈ മൃഗശാലയിലാണ് എട്ട് മാസം പ്രായമുള്ള ഈ ചിമ്പാന്‍സി കുഞ്ഞ് ജനിച്ചത്. മനുഷ്യ ശിശുക്കളെപ്പോലെ തന്നെ പരിഗണിക്കുന്ന ഈ ചിമ്പാന്‍സി കുഞ്ഞ് സന്ദര്‍ശകരുടെ ശ്രദ്ധ കേന്ദ്രവും ഒരു ഓണ്‍ലൈന്‍ സെലിബ്രിറ്റിയായി മാറിക്കഴിഞ്ഞു. 'ക്വിക്‌സി' എന്നാണ് ഈ ചിമ്പാന്‍സിയുടെ ഓമന പേര്.
ക്വിക്‌സിയെ പെണ്‍കുട്ടികളുടെ വസ്ത്രം ധരിച്ച് മുടി പിന്നിയിട്ടിരിക്കുന്ന വീഡിയോ ക്ലിപ്പുകളില്‍ ഇപ്പോള്‍ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഈ ക്ലിപ്പുകളില്‍, കളിപ്പാട്ടങ്ങള്‍ കൊണ്ട് ഒരു കട്ടിലില്‍ ഇരിക്കുന്നതോ വായില്‍ ഒരു റബ്ബര്‍ ഡമ്മി പിടിച്ച് ഒരു സ്ട്രോളറില്‍ ഇരിക്കുന്നതോവായ വീഡിയോകളാണ് കാണുന്നത്. സന്ദര്‍ശകര്‍ ചിമ്പാന്‍സിക്ക് കൈ കൊടുക്കുന്നതും ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതും വീഡിയോയില്‍ കാണാം.
എന്നാല്‍, മൃഗശാലയുടെ ഈ നടപടിക്കെതിരെ മൃഗസ്‌നേഹികളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ചിമ്പാന്‍സിയുടെ ചൂട് നിലനിര്‍ത്താന്‍ വേണ്ടിയാണ് വസ്ത്രങ്ങള്‍ ധരിപ്പിച്ചതെന്നും കൂടാതെ മുടി വളര്‍ന്ന് കണ്ണുകള്‍ മൂടിയതിനാലാണ് മുടി മുറിച്ചതൊന്നും മൃഗശാല അധികൃതര്‍ അറിയിച്ചു. കൂടാതെ സുരക്ഷ ഉറപ്പാക്കാന്‍ ക്വിക്‌സിയെ പതിവായി കുളിപ്പിക്കുകയും വെയില്‍ കൊള്ളിക്കുകയും സന്ദര്‍ശകരുമായുള്ള ഇടപെടലുകള്‍ക്ക് ശേഷം അണുവിമുക്തമാക്കാറുണ്ടെന്നും മൃഗശാല അധികൃതര്‍ അവകാശപ്പെട്ടു.