-->
ഫേസ്ബുക്ക് മാര്‍ക്കറ്റ്‌പ്ലേസില്‍ മനുഷ്യന്റെ തലയോട്ടികളും അസ്ഥികളും വില്പനയ്ക്ക് വച്ചിട്ടുണ്ടെന്ന പരാതി കിട്ടിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ 52 കാരി അറസ്റ്റില്‍. പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ഇവര്‍ പറഞ്ഞത് മനുഷ്യാസ്ഥികള്‍ വില്‍ക്കാന്‍ പാടില്ലെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണത്രേ.
ഫ്‌ലോറിഡയിലാണ് വിചിത്ര സംഭവം അരങ്ങേറിയത്. മനുഷ്യാസ്ഥികള്‍ ഓണ്‍ലൈനില്‍ വില്പന നടത്തിയതിന് ഡെല്‍റ്റോണിയിലെ കിംബര്‍ലി ആനി ഷോപ്പറാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് 7,500 ഡോളറിന്റെ (ഏതാണ്ട് 6,45,000 രൂപ) ജാമ്യത്തില്‍ വിട്ടയച്ചു. 2023 ഡിസംബറിലാണ് ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസില്‍ മനുഷ്യന്റെ തലയോട്ടി വില്പനയ്ക്ക് വച്ചിരിക്കുന്നതായി തങ്ങള്‍ക്ക് വിവരം ലഭിക്കുന്നതെന്ന് പോലീസ് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വൈബ്‌സൈറ്റ് പ്രകാരം രണ്ട് മനുഷ്യ തലയോട്ടികള്‍ 90 ഡോളറിനും (ഏകദേശം 7,748 രൂപ) ഒരു കണ്ഠാസ്ഥിയും തോള്‍ എല്ലിനും കൂടി 90 ഡോളറിനും ഒരു വാരിയെല്ലിന് 35 ഡോളറിനും ( ഏകദേശം 3,013 രൂപ ) ഒരു നട്ടെല്ല് അസ്ഥിക്ക് 35 ഡോളറിനും ഒരു പാതി തകര്‍ന്ന മനുഷ്യ തലയോട്ടിക്ക് 600 ഡോളറിനുമാണ് ( ഏകദേശം 51,657 രൂപ) വില്പനയ്ക്ക് വച്ചിരുന്നത്. പോലീസ് മനുഷ്യാസ്ഥികള്‍ കണ്ടെടുക്കുകയും അവ ലാബ് പരിശോധനയ്ക്കായി അയക്കുകയും ചെയ്തു.
എന്തിനാണ് മനുഷ്യാസ്ഥികള്‍ വില്‍ക്കുന്നതെന്ന് പോലീസ് ചോദിച്ചപ്പോള്‍, താന്‍ അവ നിരവധി വര്‍ഷങ്ങളായി വില്‍ക്കുന്നുണ്ടെന്നും അവ വില്‍ക്കാന്‍ പാടില്ലെന്ന് തനിക്ക് അറിയില്ല എന്നായിരുന്നു കിംബര്‍ലി ആനി മറുപടി നല്‍കിയത്. സ്ത്രീ മനുഷ്യാസ്ഥികള്‍ സ്വകാര്യ വില്പനക്കാരില്‍ നിന്നുമാണ് വാങ്ങിയിരുന്നതെന്ന് പോലീസ് കണ്ടെത്തി. ഒപ്പം അവരുടെ കൈവശം കൂടുതല്‍ മനുഷ്യാസ്ഥികളുണ്ടെന്നും പോലീസ് അറിയിച്ചു. അതേസമയം ഇവരുടെ കൈയില്‍ നിന്നും ലഭിച്ച മനുഷ്യാസ്ഥികളില്‍ ചിലതിന് 100 വര്‍ഷവും മറ്റ് ചിലതിന് 500 വര്‍ഷവും പഴക്കമുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.