-->
ജയപൂര്‍ : രാജസ്ഥാൻ റോയല്‍സിന് ആധികാരികമായി കീഴടക്കി സീസണിലെ നാലാം ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. രാജസ്ഥാൻ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം . മറുപടി ബാറ്റിങ്ങിൽ 17.3 ഓവറിൽ ഒൻപത് വിക്കറ്റ് ശേഷിക്കെയാണ് ബെംഗളൂരു മറികടന്നത്.
മറുപടി ബാറ്റിങ്ങിൽ ആർസിബിക്കായി ഫിൽ സോൾട്ട് ഗംഭീര തുടക്കം നൽകി. പവര്‍പ്ലെയില്‍ ബെംഗളൂരുവിന്റെ സ്കോര്‍ 65 റണ്‍സിലെത്തിയിരുന്നു. 28 പന്തിലാണ് ഫില്‍ സാള്‍ട്ട് തന്റെ അര്‍ദ്ധ സെഞ്ച്വറി കുറിച്ചത്. മറുവശത്ത് കോലി കരുതലോടെയായിരുന്നു ബാറ്റ് വീശിയത്. അര്‍ദ്ധ സെഞ്ചുറിക്ക് ശേഷം അധികനേരം ക്രീസില്‍ തുടരാൻ സാള്‍ട്ടിനായില്ല. 65 റണ്‍സെടുത്ത താരത്തെ കുമാര്‍ കാര്‍ത്തികേയ ജയ്സ്വാളിന്റെ കൈകളിലെത്തിച്ചു മടക്കി. അഞ്ച് ഫോറും ആറ് സിക്സും താരത്തിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. 92 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കോലി സാള്‍ട്ട് സഖ്യം നേടിയത്. പവര്‍പ്ലെയ്ക്കുള്ളില്‍ തന്നെ കോലിയേയും സാള്‍ട്ടിനേയും പലകുറി രാജസ്ഥാൻ ഫീല്‍ഡര്‍മാര്‍ കൈവിട്ടു. എന്നാല്‍, കിട്ടിയ അവസരം ഇരുവരും ഉപയോഗിച്ചു.
മൂന്നാമനായി എത്തിയ പടിക്കല്‍ സാള്‍ട്ടിന്റെ പാത പിന്തുടര്‍ന്നതോടെ ബെംഗളൂരുവിന്റെ വിജയത്തിലേക്കുള്ള കുതിപ്പ് വേഗത്തിലായി. 28 പന്തിൽ അഞ്ച് ഫോറും ഒരു സിക്സറും സഹിതം 40 റൺസെടുത്ത ദേവ്ദത്ത് പടിക്കലിന്റെ സംഭാവനയും ആർസിബി വിജയത്തിൽ നിർണായകമായി. 39 പന്തില്‍ കോലി സീസണിലെ തന്റെ മൂന്നാം അര്‍ദ്ധ സെഞ്ച്വറി തികച്ചു. രണ്ടാം വിക്കറ്റില്‍ വേര്‍പിരിയാത്ത കോലി-പടിക്കല്‍ സഖ്യം ബെംഗളൂരുവിനെ വിജയത്തിലെത്തിക്കുകയായിരുന്നു. കോഹ്‍ലിയുമൊത്ത് രണ്ടാം വിക്കറ്റിൽ 83 റൺസാണ് പടിക്കൽ കൂട്ടിച്ചേർത്തത്. സീസണിലെ ബെംഗളൂരുവിന്റെ നാലാം ജയമാണിത്. രാജസ്ഥാന്റെ നാലാം തോല്‍വിയും.
നേരത്തെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് രാജസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 47 പന്തിൽ 10 ഫോറും രണ്ട് സിക്സറും സഹിതം 75 റൺസെടുത്ത യശസ്വി ജയ്സ്വാളാണ് രാജസ്ഥാൻ നിരയിലെ ടോപ് സ്കോറർ. 15 പന്തിൽ 19 റൺസുമായി സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി. റിയാൻ പരാഗ് 30, ധ്രുവ് ജുറേൽ പുറത്താകാതെ 35 എന്നിവരാണ് രാജസ്ഥാൻ നിരയിലെ മറ്റ് സ്കോറർമാർ. റോയൽ ചലഞ്ചേഴ്സിനായി യാഷ് ദയാൽ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, ക്രുണാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.