-->
വറുത്ത ചിക്കന്റെ ടേസ്റ്റില്‍ ടൂസ്റ്റ് പേസ്റ്റ് അവതരിപ്പിച്ച് കെഎഫ്‌സി. ഓസ്‌ട്രേലിയന്‍ ദന്ത പരിചരണ കമ്പനിയായ ഹിസ്മൈലുമായി സഹകരിച്ചാണ് കെഎഫ്സി ടൂത്ത്പേസ്റ്റ് പുറത്തിറക്കിയത്. പക്ഷേ, വളരെ കുറച്ച് സമയത്തേക്ക് മാത്രം ലഭ്യമായിരുന്ന ഈ ഉല്‍പ്പന്നം ഇതിനോടകം വിറ്റുതീര്‍ന്നതായാണ് കെഎഫ്സി പറയുന്നത്. 11 ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് കെഎഫ്സി തങ്ങളുടെ തനതായ രുചിയില്‍ ഇത്തരത്തില്‍ ഒരു ടൂത്ത് പേസ്റ്റ് അവതരിപ്പിച്ചത്.
ടൂത്ത് പേസ്റ്റിനെ കുറിച്ച് വിശദമാക്കിക്കൊണ്ട് കെഎഫ്സി പുറത്തുവിട്ട ഒരു പത്രക്കുറിപ്പില്‍ പറയുന്നത് ചൂടുള്ളതും ജ്യൂസി ആയതുമായ ഒരു കെഎഫ്‌സി ചിക്കന്‍ കഷ്ണം കഴിക്കുന്നത് പോലെയാണ് പേസ്റ്റിന്റെ രുചി എന്നാണ്. പല്ലുതേക്കുമ്പോള്‍ വായില്‍ ഈ രുചി നിറയ്ക്കുന്നതോടൊപ്പം തന്നെ കുളിര്‍മയുള്ളതും വൃത്തിയുള്ളതുമായ ഒരു ഫിനിഷിംഗും ഈ ടൂത്ത് പേസ്റ്റ് നല്‍കുമെന്നാണ് പത്രക്കുറിപ്പില്‍ കമ്പനി അവകാശപ്പെടുന്നത്.
ഏപ്രില്‍ ഒന്നിന് കെഎഫ്‌സിയും ഹിസ്മൈലും സംയുക്തമായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ ഇതൊരു തമാശ അല്ലെന്നും കൈവിരല്‍ നക്കി തുടയ്ക്കും വിധം നല്ലതാണെന്നും ആയിരുന്നു ഈ പേസ്റ്റിനെ വിശേഷിപ്പിച്ചത്. ഒപ്പം പേസ്റ്റിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു. കെഎഫ്സിയുടെ രുചികളെ ദൈനംദിന ആവശ്യത്തിലേക്ക് കൊണ്ടുവരുന്നതിന് ഇതിലും മികച്ച ഒരു മാര്‍ഗ്ഗം ഇല്ല എന്നാണ് ഇതുമായി ബന്ധപ്പെട്ട് കെഎഫ്‌സി വക്താക്കള്‍ പ്രതികരിച്ചത്. ഇത്തരത്തില്‍ ഒരു ആശയത്തില്‍ പങ്കാളികളാകാന്‍ സാധിച്ചതില്‍ തങ്ങള്‍ ആവേശഭരിതരാണ് എന്നായിരുന്നു ഹിസ്മൈലിന്റെ മാര്‍ക്കറ്റിംഗ് മാനേജര്‍ കോബന്‍ ജോണ്‍സ് ഫോക്‌സ് ന്യൂസിനോട് സംസാരിക്കവേ അഭിപ്രായപ്പെട്ടത്.
13 ഡോളര്‍ അതായത് 1,123 രൂപ ആയിരുന്നു പേസ്റ്റിന്റെ വില. ഹിസ്മൈല്‍ വെബ്സൈറ്റില്‍ നിന്ന് മാത്രമേ ഇത് വാങ്ങാന്‍ കഴിയുമായിരുന്നുള്ളൂ. എന്നിട്ടുകൂടി ഏപ്രില്‍ എട്ടിന് രാവിലെയോടെ മുഴുവന്‍ പേസ്റ്റും വിറ്റുതീര്‍ന്നതായാണ് കെഎഫ്സി പറയുന്നത്.