-->
സാധാരണ ആളുകളില്‍ നിന്ന് വ്യത്യസ്തമായി ചില വിചിത്ര ജീവിതചര്യങ്ങള്‍ പിന്തുടര്‍ന്നു പോരുന്ന നിരവധി ആളുകളുണ്ട് നമ്മുക്ക് ചുറ്റും. ഇത്തരം ആളുകളെ സംബന്ധിക്കുന്ന പല വീഡിയോകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ എല്ലാ ദിവസവും തന്റെ ദിനചര്യകള്‍ ആരംഭിക്കുന്നത് സ്വന്തം മൂത്രം കുടിച്ചു കൊണ്ടാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെിയിരിക്കുകയാണ് മുന്‍ ഫാഷന്‍ മോഡലും സ്വയം പ്രഖ്യാപിത വെല്‍നസ് വിദഗ്ദ്ധനുമായ ട്രോയ് കേസി. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് 'റിപ്പ്ഡ് അറ്റ് 50: എ ജേര്‍ണി ടു സെല്‍ഫ് ലവ്' എന്ന കൃതിയുടെ രചയിതാവായ കേസി, വര്‍ഷങ്ങളായി ഈ രീതിയാണ് പിന്തുടരുന്നതത്രെ. ഇത് കാര്യമായ ആരോഗ്യഗുണങ്ങള്‍ നല്‍കുമെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.
തന്റെ ഈ ശീലത്തെക്കുറിച്ച് ട്രോയ് കേസി വിശദീകരിക്കുന്നത് സ്വയം മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഇതെന്നാണ്. കൂടാതെ മൂത്രത്തില്‍ സ്റ്റെം സെല്ലുകള്‍, അമിനോ ആസിഡുകള്‍, ആന്റിബോഡികള്‍ എന്നിവയുണ്ടെന്നും ഇത് ശരീരത്തിന് ഗുണകരമാണെന്നും ട്രോയ് കേസി അവകാശപ്പെടുന്നു. മൂത്രചികിത്സയെക്കുറിച്ച് കേസി ആദ്യമായി മനസ്സിലാക്കിയത് ഒരു ശ്വസന പരിശീലകനില്‍ നിന്നാണത്രെ. യൂറിന്‍ ലൂപ്പിംഗ് രീതിയിലൂടെ തന്റെ രോഗങ്ങള്‍ ഭേദമായതായാണ് ഇയാള്‍ അവകാശപ്പെടുന്നത്. ഒരു പ്രത്യേക കാലയളവിലേക്ക് മൂത്രവും വെള്ളവും മാത്രം കഴിക്കുന്നത് ഈ ചികിത്സാരീതിയുടെ ഭാഗമാണ്. വിവാദമായ ഈ ചികിത്സാരീതിയുടെ ശക്തമായ വക്താവാണ് കേസി ഇപ്പോള്‍.
പ്രത്യേക രീതിയിലാണ് കേസി തന്റെ ദിനചര്യ പിന്തുടരുന്നത്. പ്രഭാത മൂത്രത്തിന്റെ ആദ്യഭാഗവും അവസാനഭാഗവും ഉപേക്ഷിക്കുകയും മധ്യഭാഗം ഒരു കപ്പിലോ ജാറിലോ ശേഖരിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ശേഖരിക്കപ്പെടുന്ന മൂത്രത്തിലാണ് ഏറ്റവും കൂടുതല്‍ സ്റ്റെം സെല്ലുകള്‍ അടങ്ങിയിരിക്കുന്നതെന്ന് ഇയാള്‍ വിശ്വസിക്കുന്നു. എന്തായാലും, ഇതുമായി ബന്ധപ്പെട്ട ചൂടേറിയ ചര്‍ച്ചയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ നടക്കുന്നത്.
എന്നാല്‍, ഇതുമായി ബന്ധപ്പെട്ട എതിര്‍ അഭിപ്രായങ്ങളും ശക്തമാണ്. 'ദി ഏജ്ലെസ് റെവല്യൂഷന്‍' എന്ന കൃതിയുടെ രചയിതാവുമായ ഡോ. മൈക്കല്‍ അസീസ്, മൂത്രം കുടിക്കുന്നത് നിര്‍ജ്ജലീകരണത്തിനും മറ്റും കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. മൂത്രത്തില്‍ കൂടുതലും വെള്ളവും ഉപ്പും അടങ്ങിയിരിക്കുന്നത് നിര്‍ജ്ജലീകരണത്തിന് കാരണമാകുമെന്നും മൂത്രം കുടിക്കുമ്പോള്‍ വൃക്കകള്‍ ശരീരത്തില്‍ നിന്നും നീക്കം ചെയ്ത വിഷവസ്തുക്കളെ വീണ്ടും ശരീരത്തിന് ഉള്ളിലേക്ക് കയറ്റി വിടുകയാണ് ചെയ്യുന്നതെന്നും ഡോ. മൈക്കല്‍ അസീസ് വ്യക്തമാക്കുന്നുണ്ട്.