-->
ഒരു ക്രിയേറ്റിവിറ്റി തരംഗമായി മാറാന്‍ ഇപ്പോള്‍ പണ്ടത്തേപ്പോലെ അധിക സമയമൊന്നും വേണ്ട. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് രണ്ടു മൂന്നു പേരെങ്കിലും അത് ഏറ്റു പിടിച്ച് ഷെയര്‍ ചെയ്താല്‍ മതി. അതു പിന്നെ ലക്ഷങ്ങള്‍ താണ്ടി മില്ല്യണ്‍ ലൈക്കുകളിലേക്കി വൈറലായി മാറും. പലപ്പോഴും ഇത്തരം ട്രെന്‍ഡുകള്‍ സെലിബ്രിറ്റികളടക്കം പരീക്ഷിച്ചു നോക്കാറുമുണ്ട്.
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നതാണ് ജിബ്ലി ട്രെന്‍ഡ്. ജിബ്ലി സ്റ്റൈൽ ചിത്രങ്ങളുടെ തുടക്കം ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാന്റെ ചിത്രത്തിൽ നിന്നായിരുന്നു. തന്റെ വളർത്തുനായയ്ക്കും ഭാര്യയ്ക്കുമൊപ്പം കടൽത്തീരത്ത് നിൽക്കുന്ന ചിത്രം ആൾട്ട്മാൻ ജിബ്ലി ശൈലിയിലേക്ക് മാറ്റിയപ്പോഴാണ് ഈ ട്രെന്‍ഡ് ആരംഭിക്കുന്നത്.
ഇപ്പോഴിതാ ഈ ട്രെന്‍ഡിന്റെ ഭാഗമായി മാറുകയാണ് കേരളാ പോലീസ്. ജനങ്ങള്‍ക്ക് സേവനം ചെയ്യുന്നതിന്റെയും അവരോട് സംവദിക്കുകയും ചെയ്യുന്ന പോലീസുകാരുടെ ചിത്രങ്ങളും അവയുടെ ജിബ്ലി ആനിമേഷൻ രൂപവുമാണ് വീഡിയോയില്‍ കാണിക്കുന്നത്. ട്രെൻഡിനൊപ്പം എന്ന കുറിപ്പോടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ കേരളാ പോലീസ് തന്നെയാണ് വീഡിയോ പങ്കുവെച്ചത്. എല്ലായ്പ്പോഴും ട്രെന്‍ഡിനൊപ്പം ചലിക്കാറുള്ള കേരള പോലീസിന് കൈയടിയും കമന്റുകളും നല്‍കുന്നുണ്ട് സാധാരണക്കാര്‍.