-->
ആലപ്പുഴ: രണ്ടുകോടി രൂപ വിലമതിക്കുന്ന മൂന്ന് കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും സുഹൃത്തും അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിനിയും തമിഴ്‌നാട് തിരുവെല്ലൂര്‍ കത്തിവാക്കം ഉലകനാഥപുരം എണ്ണൂര്‍ ഫോര്‍ത്ത് സ്ട്രീറ്റ് നമ്പര്‍ 85ല്‍ താമസക്കാരിയുമായ തസ്‌ലിമ സുല്‍ത്താന ( ക്രിസ്റ്റീന-41), ആലപ്പുഴ മണ്ണഞ്ചേരി മല്ലംവെളി കെ.ഫിറോസ് (26) എന്നിവരെയാണ് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്. സിനിമാതാരങ്ങളായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരിമരുന്ന് നല്‍കാറുണ്ടെന്ന് തസ്‌ലിമ സുല്‍ത്താന്‍ മൊഴി നല്‍കി.
ചൊവ്വാഴ്ച രാത്രി 10.30ന് ആലപ്പുഴ ഓമനപ്പുഴയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. സിനിമ-ടൂറിസം മേഖലയില്‍ വില്‍പന നടത്താനാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇവര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. സിനിമാമേഖലയിലെ ചിലരുമായി അടുത്ത ബന്ധമുണ്ടെന്നും ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തല്‍. തസ്‌ലിമ ഇടപാടുകള്‍ക്കായി റിസോര്‍ട്ടിലെത്തുന്നുണ്ടെന്നു വിവരം ലഭിച്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇവര്‍ കാറിലെത്തി പുറത്തേക്കിറങ്ങിയ ഉടനെ വളഞ്ഞ് പിടികൂടുകയായിരുന്നു.
എറണാകുളം കാക്കനാട് ലോഡ്ജിലാണ് തസ്‌ലിമ താമസിച്ചിരുന്നത്. മലയാളം ഉള്‍പ്പെടെ എട്ടോളം ഭാഷകള്‍ സംസാരിക്കുന്ന തസ്‌ലിമ ചെന്നൈ കേന്ദ്രീകരിച്ച് കേരളത്തിലെ ലഹരി വ്യാപാരം നടത്തിവരികയായിരുന്നു. രണ്ടു മക്കളും ഭര്‍ത്താവുമായി കുടുംബസമേതമാണ് ഇവര്‍ ആലപ്പുഴയിലേക്ക് എത്തിയത്. ചോദ്യംചെയ്യലില്‍ ഭര്‍ത്താവിനും മക്കള്‍ക്കും ലഹരി കടത്തുമായി ബന്ധമില്ലെന്നു വ്യക്തമായതായി അന്വേഷണ ഉദ്യേഗസ്ഥര്‍ പറഞ്ഞു. ആലപ്പുഴയിലെ ടൂറിസംമേലയിലുള്ളവര്‍ക്ക് കഞ്ചാവ് എത്തിക്കുന്നതിനാണ് ദീര്‍ഘകാലമായി പരിചയമുള്ള ഫിറോസിന്റെ സഹായം തേടിയത്. കഞ്ചാവ് ഇടപാടില്‍ ഫിറോസ് പിടിയിലാകുന്നത് ആദ്യമാണ്.
തായ്‌ലാന്‍ഡ്, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളില്‍നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത്. പിടികൂടിയ ഹൈബ്രിഡ് കഞ്ചാവിന് ഗ്രാമിന് 10,000 രൂപയാണ് വില. സാധാരണ കഞ്ചാവിന് 500രൂപയാണ് വില. ഓണ്‍ലൈനാണ് ഇവരുടെ ഇടപാടുകള്‍ നടത്തിയിരുന്നത്. ആവശ്യക്കാര്‍ പറയുന്ന സ്ഥലത്ത് കഞ്ചാവ് എത്തിച്ചുനല്‍കും. ഏതാനും സിനിമകളില്‍ മുഖം കാണിച്ചിട്ടുള്ള തസ്ലീമയുടെ ഫോണില്‍ സിനിമ മേഖലയിലെ പ്രമുഖര്‍ അടക്കമുള്ളവരുടെ ഫോണ്‍ നമ്പരുകളും വാട്‌സ് ആപ്പ് ചാറ്റുകളും കണ്ടെത്തി.
പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതിന് മൂന്നുവര്‍ഷം മുമ്പ് തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍ തസ്‌ലിമക്കെതിരെ പോക്‌സോ കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. വിനോദ്കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ അശോക്കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. മധു, എക്‌സൈസ് നാര്‍കോട്ടിക് സി.ഐ. എം. മഹേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ സി.പി. സാബു, എം. റെനി, പി. അഭിലാഷ്, അരുണ്‍ അശോക്, സനല്‍ സിബിരാജ്, അസി. ഇന്‍സ്‌പെക്ടര്‍ എ.ആര്‍. രാജീവ്, ജീന വില്യം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.