Wednesday, March 25, 2026 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Apr 2025 08.42 AM

രത്തന്‍ ടാറ്റയുടെ 3,800 കോടിയുടെ സ്വത്ത് രണ്ട് ട്രസ്റ്റുകള്‍ക്ക് ; വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിമാസം 30,000; സുഹൃത്തിനു മൂന്നു തോക്കുകള്‍

uploads/news/2025/04/773506/ratan-tata.jpg

മുംബൈ: അന്തരിച്ച വ്യവസായി രത്തന്‍ ടാറ്റയുടെ ഏകദേശം 3,800 കോടി രൂപ വിലമതിക്കുന്ന സ്വത്തില്‍ ഭൂരിപക്ഷവും ലഭിക്കുക രണ്ട് ട്രസ്റ്റുകള്‍ക്ക്. രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ഫൗണ്ടേഷനും രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ട്രസ്റ്റിനുമാകും സ്വത്തിന്റെ വലിയ പങ്ക് ലഭിക്കുകയെന്നു ദ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

2022 ഫെബ്രുവരി 23 ന് എഴുതിയ വില്‍പത്ര പ്രകാരമാണു സ്വത്ത് വിഭജനം. ടാറ്റാ സണ്‍സിന്റെ സാധാരണ, മുന്‍ഗണനാ ഓഹരികളും മറ്റ് സാമ്പത്തിക ആസ്തികളും അടങ്ങുന്ന അദ്ദേഹത്തിന്റെ സ്വത്തിന്റെ വലിയ ഭാഗമാണു രണ്ട് ട്രസ്റ്റുകള്‍ക്ക് ലഭിക്കുക. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അടുത്ത കൂട്ടാളികള്‍ക്കും അദ്ദേഹം സ്വത്ത് നീക്കിവച്ചിട്ടുണ്ട്. രത്തന്‍ ടാറ്റ അവിവാഹിതനായിരുന്നു.

ബാങ്ക് സ്ഥിര നിക്ഷേപം, 800 കോടി രൂപ വിലമതിക്കുന്ന കലാവസ്തുക്കള്‍, ടൈംപീസുകള്‍ തുടങ്ങിയ സ്വത്തുക്കളുടെ മൂന്നിലൊന്ന് അദ്ദേഹത്തിന്റെ അര്‍ദ്ധ സഹോദരിമാരായ ഷിറീന്‍ ജെജീബോയ്, ദീന ജെജീബോയ് എന്നിവര്‍ക്കും മോഹിനി എം. ദത്തയ്ക്കുമായി വിഭജിക്കും.

ടാറ്റയുടെ സഹോദരന്‍ ജിമ്മി നവല്‍ ടാറ്റ കുടുംബത്തിന്റെ ജുഹു ബംഗ്‌ളാവിന്റെ ഒരു പങ്ക് സ്വന്തമാക്കും. അടുത്ത സുഹൃത്ത് മെഹ്‌ലി മിസ്ത്രിക്ക് അലിബാഗിലെ സ്വത്തും 0.25 ബോര്‍ പിസ്റ്റള്‍ ഉള്‍പ്പെടെ മൂന്ന് തോക്കുകളുടെ ശേഖരവും ലഭിക്കും. ലിസ്റ്റുചെയ്യാത്ത ഓഹരികളും പ്രത്യേകമായി വിശദീകരിക്കാത്ത ആസ്തികളും രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ഫൗണ്ടേഷനും രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ട്രസ്റ്റിനും ഇടയില്‍ തുല്യമായി വിഭജിക്കും.

രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തിന്റെ എക്‌സിക്യൂട്ടീവുകളായ അഭിഭാഷകന്‍ ഡാരിയസ് കമ്പട്ട, മെഹ്‌ലി മിസ്ത്രി, സഹോദരിമാരായ ഷിറീന്‍, ഡിയന്ന ജെജീബോയ് എന്നിവര്‍ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. വില്‍പത്രത്തിന്റെ ആധികാരികത സ്ഥിരീകരിക്കുകയും സ്വത്ത് വിതരണം ചെയ്യാനുള്ള അധികാരം എക്‌സിക്യൂട്ടീവുകള്‍ക്കു നല്‍കുകയും ചെയ്യുന്ന പ്രോബേറ്റ് നടപടിക്രമത്തിന് ഏകദേശം ആറ് മാസമെടുക്കുമെന്നു പ്രതീക്ഷിക്കുന്നു.

മരണശേഷം വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നുണ്ടെന്നും ടാറ്റയുടെ വില്‍പ്പത്രം ഉറപ്പാക്കുന്നു. ഓരോ വളര്‍ത്തുമൃഗത്തിനും ത്രൈമാസത്തില്‍ 30,000 രൂപ ലഭിക്കും. അവയുടെ പരിപാലനത്തിനായി 12 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. രത്തന്‍ ടാറ്റയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ശന്തനു നായിഡുവിന്റെ വിദ്യാര്‍ഥി വായ്പ എഴുതിത്തള്ളും. അയല്‍വാസിയായ ജെയ്ക് മാലിതിനും പലിശ രഹിത വിദ്യാഭ്യാസ വായ്പയുടെ ആനുകൂല്യം ലഭിക്കും.

പ്രാദേശിക ബാങ്ക് അക്കൗണ്ടുകളിലും സ്ഥിര നിക്ഷേപങ്ങളിലും 367 കോടി രൂപയും കൂടാതെ രത്തന്‍ ടാറ്റയുടെ വിദേശ സ്വത്തുക്കളില്‍ സീഷെല്‍സിലെ 40 കോടി രൂപയുടെ സ്വത്തും വെല്‍സ് ഫാര്‍ഗോ, മോര്‍ഗന്‍ സ്റ്റാന്‍ലി എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളും അല്‍കോവ കോര്‍പ്പ്, ഹൗമെറ്റ് എയേ്‌റാസ്‌പേസ് എന്നിവിടങ്ങളിലെ ഓഹരികളും ഉള്‍പ്പെടുന്നു.

ബ്വല്‍ഗാരി, പാറ്റെക് ഫിലിപ്പ്, ടിസോട്ട്, ഓഡെമാര്‍സ് പിഗെറ്റ് തുടങ്ങിയ ബ്രാന്‍ഡുകളില്‍നിന്നുള്ള 65 ആഡംബര വാച്ചുകളും അദ്ദേഹത്തിന്റെ സ്വത്തിന്റെ ഭാഗമാണ്. സീഷെല്‍സിലെ ടാറ്റയുടെ ഭൂമി സിംഗപ്പൂര്‍ ആര്‍.എന്‍.ടി. അസോസിയേറ്റ്‌സിനു കൈമാറും. ജിമ്മി ടാറ്റയ്ക്ക് രത്തന്റെ വെള്ളിപ്പാത്രങ്ങളും കുറച്ച് ആഭരണങ്ങളും ലഭിക്കും. പിതാവ് നവല്‍ എച്ച്. ടാറ്റയില്‍നിന്ന് പാരമ്പര്യമായി ലഭിച്ച ജുഹു സ്വത്തിന്റെ പകുതിയും ജിമ്മിക്ക് ലഭിക്കും. ബാക്കി ഓഹരികള്‍ സിമോണ്‍ ടാറ്റയും നോയല്‍ ടാറ്റയും പങ്കിടും.

Ads by Google
Wednesday 02 Apr 2025 08.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW