-->
കോഴിക്കോട്: നാദാപുരത്ത് പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍ മാറാട്ടം നടത്തിയ സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് എതിരെ പോലീസ് സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കും. കുട്ടി പ്രായപൂര്‍ത്തി ആകാത്ത സാഹചര്യത്തില്‍ ആണ് നടപടി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പകരം പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ത്ഥിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
നാദാപുരം കടമേരി ആര്‍എസി എച്ചഎസ്എസിലായിരുന്നു സംഭവം. ബിരുദ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇസ്മയില്‍ ആണ് അറസ്റ്റില്‍ ആയത്. പ്ലസ് വണ്‍ വിദ്യാര്‍ഥിക്കെതിരായ റിപ്പോര്‍ട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. കുട്ടിയോടും ഹാജരാകണമെന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്‍വിജിലേറ്ററിന്റെയും പ്രിന്‍സിപ്പാളിന്റെയും ഇടപെടലാണ് ആള്‍മാറാട്ടത്തിന് തടയിട്ടത്. ഇംഗ്ലീഷിന്റെ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെയായിരുന്നു ആള്‍മാറാട്ടം നടന്നത്.
ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നി ഹാള്‍ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മനസിലായത്. തുടര്‍ന്ന് പ്രിന്‍സിപ്പാളിനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ആള്‍മാറാട്ടം നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ബിരുദ വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആള്‍മാറാട്ടത്തിന് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് മുഹമ്മദ് ഇസ്മയിലിനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.