Wednesday, March 11, 2026 Last Updated 21 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 29 Mar 2025 11.29 AM

സിനിമയ്ക്ക് എതിരേ പ്രചരണത്തിനില്ലെന്ന് ബിജെപി ; എംപുരാന് സെന്‍സര്‍ബോര്‍ഡിന്റെ രണ്ടു കട്ടുകള്‍ മാത്രം

uploads/news/2025/03/772850/empuran.jpg

ന്യൂഡല്‍ഹി: പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എംപുരാന്‍ പ്രമേയത്തിന്റെ കാര്യത്തില്‍ വന്‍ ചര്‍ച്ചകള്‍ വിളിച്ചുവരുത്തുമ്പോള്‍ സിനിമയ്ക്കായി സെന്‍സര്‍ബോര്‍ഡ് നല്‍കിയത് രണ്ടു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള രണ്ടു കട്ടുകളെന്ന് റിപ്പോര്‍ട്ട്. സിനിമ ഹിന്ദുവിരുദ്ധ വികാരവും കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയത്തെയും വിമര്‍ശിക്കുന്ന ചിത്രമാണെന്ന പ്രചരണം സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമായിരിക്കെയാണ് സിനിമയെക്കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഒരു ഡയലോഗിലും ഒരു അക്രമരംഗത്തിലും മാത്രമാണ് കേന്ദ്ര സെന്‍സര്‍ബോര്‍ഡ് മാറ്റങ്ങള്‍ നിര്‍ദേശിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം സിനിമയ്ക്ക് എതിരേ പ്രചാരണം വേണ്ടെന്നാണ് ബിജെപിയുടെ എടുത്തിരിക്കുന്ന നിലപാട്. സിനിമയെ സിനിമയായി കാണണമെന്നും സിനിമ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനത്തെക്കുറിച്ച് അറിയില്ലെന്നുമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെയും പ്രതികരണം. അതേസമയം ചിത്രത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്ന് വ്യാപക സൈബര്‍ ആക്രമണം ഉയര്‍ന്നിരുന്നു.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളായിരുന്നു സൈബര്‍ ആക്രമണത്തിന് കാരണമായത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപിയുടെ കോര്‍കമ്മിറ്റി യോഗത്തില്‍ എമ്പുരാന്‍ ചര്‍ച്ചയായിരുന്നു. സിനിമയുടെ ഉള്ളടക്കം സംബന്ധിച്ച് വിവരം കേന്ദ്രനേതൃത്വത്തെ എന്തുകൊണ്ട് സെന്‍സര്‍ബോര്‍ഡ് നേരത്തെ അറിയിച്ചില്ലെന്നും കെ സുരേന്ദ്രന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അക്കാര്യങ്ങളെല്ലാം പരിശോധിക്കാമെന്നും സിനിമ ബഹിഷ്‌കരിക്കേണ്ടതില്ലെന്ന നിര്‍ദേശവുമാണ് അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുന്നോട്ട് വെച്ചതെന്നാണ് വിവരം.

ബഹിഷ്‌കരണം ബിജെപിയുടെ നയമല്ലെന്നും കോര്‍കമ്മിറ്റി വ്യക്തമാക്കി. വന്‍ വിവാദം ഉയരുമ്പോഴും സിനിമ വന്‍ മുന്നേറ്റം നടത്തുകയാണ്. രണ്ടു ദിവസം കൊണ്ട് സിനിമ 100 കോടി കളക്ഷനില്‍ എത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 65 കോടിക്ക് മുകളിലാണ് ചിത്രം ആദ്യ ദിനം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. ഇന്ത്യയില്‍ നിന്നും 25 കോടിയാണ് സിനിമ കൊയ്തത്. സിനിമ മലേഷ്യയിലും റിലീസിംഗിന് ഒരുങ്ങുകയാണ്. ഏപ്രില്‍ 9 ന് പുതിയ തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW