-->
മലയാളികള്‍ മാത്രമല്ല തെന്നിന്ത്യന്‍ പ്രേക്ഷകരും ബോളിവുഡുമടക്കം ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാന്‍ ഇന്നലെയാണ് റിലീസ് ചെയ്തത്. മോഹന്‍ലാല്‍- പൃഥ്വിരാജ് കോമ്പോയിലിറങ്ങിയ ‘ലൂസിഫര്‍’ ഫ്രാഞ്ചൈസിയായ എമ്പുരാന്‍ റിലീസിനു മുമ്പു തന്നെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചിരുന്നു. അഡ്വാന്‍സ് ബുക്കിംഗില്‍ ചരിത്രം സൃഷ്ടിച്ചായിരുന്നു എമ്പുരാന്റെ വരവ്. സിനിമ തിയേറ്ററിലെത്തിയെങ്കിലും അതിന്റെ വിശേഷങ്ങളും അപ്ഡേറ്റുകളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നുണ്ട്.
ഇപ്പോഴിതാ പൃഥ്വിരാജിന്റെ മകള്‍ അലംകൃത മേനോനും എമ്പുരാനിലൂടെ ഗായികയായി അരങ്ങേറ്റം കുറിച്ചതിനെക്കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകനായ ദീപക് ദേവ്. ചിത്രത്തിലെ ‘എമ്പുരാനേ’ എന്ന ഗാനത്തിനിടെ കേള്‍ക്കുന്ന കുട്ടിയുടെ ശബ്ദം അലംകൃതയുടേതാണ്.
‘‘എമ്പുരാനെ എന്ന സോങ് ലൂസിഫറന്റെ എന്റ് ടൈറ്റില്‍സില്‍ വന്ന സോങ്ങായിരുന്നു. ആ പാട്ട് വെച്ച് തന്നെ എമ്പുരാൻ തുടങ്ങണമെന്ന് പറഞ്ഞപ്പോഴാണ് ഈ സിനിമയുടെ ആദ്യ ഗാനം തന്നെ എമ്പുരാനെ എന്നാക്കിയത്. ആ പാട്ടിന്റെ രണ്ട് വരി മാത്രമാണ് ട്രെയിലറില്‍ ഇട്ടത്. അത് ആളുകള്‍ നന്നായി അക്സപ്റ്റ് ചെയ്തു. ആ പാട്ട് പടത്തിന്റെ തുടക്കത്തില്‍ വെച്ചപ്പോഴും ഒരു ഗൂസ്ബംസ് മൊമന്റ് കിട്ടി. എമ്പുരാനെ എന്ന ഹമ്മിങ് വെച്ചാണ് എനിക്ക് എമ്പുരാൻ എന്ന ഡെഫിനിഷൻ ക്രിയേറ്റ് ചെയ്യാൻ പറ്റിയത്. അതുപോലെ മറ്റൊരു ഇന്ററസ്റ്റിങ്ങായ കാര്യം കൂടിയുണ്ട്. എമ്പുരാനെ എന്ന പാട്ടിന്റെ ആദ്യ വരികള്‍ പടത്തില്‍ കേള്‍ക്കുന്നത് ഒരു കുട്ടിയുടെ ശബ്ദത്തിലാണ്. ആ ശബ്ദത്തിന്റെ ഉടമ പൃഥ്വിരാജിന്റെ മകള്‍ അലംകൃതയാണ്. ഇനി അത് ഒളിപ്പിച്ച് വെക്കേണ്ട ആവശ്യമില്ല. ഒരു ഇംഗ്ലീഷ് സോങ് എന്നതിലേക്ക് ചർച്ചകള്‍ പോയിരുന്നു.
അതിന് ഒരു ഡെമോ വേണമല്ലോ. അത് ഞാൻ പാടി. ഇതൊരു പെണ്‍കുട്ടിയുടെ ശബ്ദത്തിലായാല്‍ എങ്ങനെയുണ്ടാകും എന്ന രീതിക്ക് ചിന്തിച്ചു. സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ എന്റെ രണ്ട് മക്കളുടെ സഹായമാണ് ഞാൻ തേടാറുള്ളത്. പക്ഷെ അവർ ബോംബെയിലാണ് പഠിക്കുന്നത്. അതുകൊണ്ട് പ്രാർത്ഥനയെ വിളിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ആ കുട്ടി വളരെ അത്ഭുതകരമായി പാടി. റെക്കോർഡിങ് കഴിഞ്ഞപ്പോള്‍ പ്രാർത്ഥന തന്നെയായിരുന്നു ബെസ്റ്റ് ചോയിസെന്ന് എനിക്ക് മനസിലായി. പൃഥ്വിക്കും ഇഷ്ടപ്പെട്ടു. ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതുപോലെ പാട്ട് ഇറങ്ങിയപ്പോള്‍ മറ്റെല്ലാവർക്കും ഇഷ്ടപ്പെട്ടു.
തുടക്കത്തില്‍ ഒരു മുതിർന്ന സ്ത്രീയുടെ ശബ്ദമാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും ചിത്രത്തില്‍ കുട്ടിയുടെ കരച്ചില്‍ വരുന്ന ഭാഗമായതുകൊണ്ട് അവിടെ ഒരു കുട്ടിയുടെ ശബ്ദത്തില്‍ തന്നെ പാടിപ്പിച്ചാലോ എന്നു പൃഥ്വി തിരക്കുകയായിരുന്നു. എമ്പുരാൻ സോങ് കുട്ടിയുടെ വോയിസില്‍ തുടങ്ങാമെന്നത് പൃഥ്വിയുടെ സജഷനാണ്.എട്ടോ, പത്തോ വയസുള്ള കുട്ടി പാടിയാല്‍ മതിയെന്ന് തീരുനിച്ചു. അപ്പോഴാണ് പൃഥ്വി പറഞ്ഞത് അലംകൃതയെ കൊണ്ട് ഒന്ന് പാടിപ്പിച്ച് നോക്കാമെന്ന്. ഇംഗ്ലീഷ് പാട്ടൊക്കെയാണ് അലംകൃത കൂടുതലായും കേള്‍ക്കുന്നത്. എമ്പുരാനെയെന്ന് പാടി വരുമ്പോള്‍ എങ്ങനെയുണ്ടാകുമെന്ന് അറിയില്ലെന്ന് പൃഥ്വി പറഞ്ഞു. പക്ഷെ അലംകൃത പാടി കഴിഞ്ഞപ്പോള്‍ ഞാനും അത്ഭുതപ്പെട്ടു. കാരണം ഇമോഷൻസ് ഉള്‍പ്പടെ ഞാൻ ഒറ്റ തവണയെ പറഞ്ഞ് കൊടുത്തുള്ളു. പൃഥ്വി ഡയലോഗ് പഠിക്കുന്നത് പോലെയാണ് ഒറ്റയടിക്ക് പാട്ടും പഠിച്ചു ഇമോഷനും കിട്ടി. ആ ഇമോഷൻസ് അടക്കം ക്യാപ്ച്ചർ ചെയ്തു പാടാൻ അലംകൃതയ്ക്കു സാധിച്ചു. സ്റ്റുഡിയോയില്‍ വന്ന് അഞ്ചുമിനിറ്റിനുള്ളില്‍ അലംകൃത പാടിതീർത്തു. ആ അച്ഛന്റെ മോളായതുകൊണ്ടാകും...’’ ദീപക് ദേവ് പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തോടാണ് ദീപക് ദേവ് ഇത് പറഞ്ഞത്.
എമ്പുരാന്റെ ട്രെയിലർ റിലീസിനുശേഷം ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരുന്നു. ട്രെയിലറില്‍ ഒരു കുട്ടി എമ്പുരാനെ എന്ന സോങ് പാടുന്നത് കേള്‍ക്കുമ്പോള്‍ പൃഥ്വിരാജ് എക്സൈറ്റഡാകുന്നതും അടുത്തിരുന്ന നടൻ ടോവിനോയോട് എന്തോ പറയുന്നതും കാണാമായിരുന്നു. എന്നാല്‍ എന്താണ് പറഞ്ഞതെന്ന് വ്യക്തമായിരുന്നില്ല. പക്ഷെ പൃഥ്വിരാജിന്റെ ലിപ് മൂവ്മെന്റ് ഡീകോഡ് ചെയ്ത ചില ആരാധകർ എന്റെ മോളാണ് പാടിയത് എന്നാണ് പൃഥ്വിരാജ് പറയുന്നതെന്ന് പ്രചരിപ്പിച്ചിരുന്നു. പക്ഷെ മകളും എമ്പുരാന്റെ ഭാഗമാണെന്ന് പൃഥ്വിരാജ് എവിടെയും ഒരു സൂചനയായി പോലും പറഞ്ഞിട്ടില്ലാത്തതുകൊണ്ട് പ്രേക്ഷകർ അത് വിശ്വസിച്ചില്ല. എന്നാല്‍ ഇപ്പോള്‍ എമ്പുരാനേ എന്ന പാട്ടില്‍ ആദ്യം കേള്‍ക്കുന്ന കുട്ടിയുടെ ശബ്ദം അത് പൃഥ്വിരാജിന്റെ മകള്‍ അലംകൃതയുടേതാണെന്നും ദീപക് ദേവ് തന്നെ പറഞ്ഞതോടെ ആരാധകരുടെ ഊഹം ശരിയായിരുന്നെന്ന് തെളിയുകയാണ്.