-->
മലയാളസിനിമാലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത റെക്കോര്‍ഡുകളാണ് പൃഥ്വിരാജ്-മോഹന്‍ലാല്‍ കോമ്പോയിലിറങ്ങിയ ലൂസിഫറിന്റെ ഫ്രാഞ്ചൈസിയായ എമ്പുരാന്‍ നേടിക്കൊണ്ടിരിക്കുന്നത്. റിലീസിനു മുമ്പ് തന്നെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കാന്‍ എമ്പുരാന് കഴിഞ്ഞിരുന്നു. താരങ്ങളും അണിയറപ്രവര്‍ത്തകരും സിനിമയുടെ പ്രൊമോഷന്‍ തിരക്കിലായിരുന്നു ഇത്രയും നാള്‍. മുംബൈ,ഹൈദരബാദ്,ബാംഗ്ലൂര്‍,ചെന്നൈ തുടങ്ങി വിവിധ നഗരങ്ങളിലെ പ്രമോഷന് ശേഷമാണ് കേരളത്തിലേക്ക് എമ്പുരാന്‍ ടീം എത്തിയത്.
ഇപ്പോഴിതാ അതിനിടയില്‍ പൃഥ്വിരാജും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സ്നേഹസൗഹൃദത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മോഹന്‍ലാലും പൃഥ്വിരാജും ടൊവിനോയും മഞ്ജു വാര്യരും ആന്റണി പെരുമ്പാവൂരും ഗോകുലം ഗോപാലും സിനിമാ ടീം ഒന്നടങ്കമാണ് കൊച്ചിയിലെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്.
പ്രസ് മീറ്റ് തുടങ്ങുന്നതിന് മുന്‍പ് വേദിയിലേക്ക് എത്തുന്നത് ആന്റണി പെരുമ്പാവൂരാണ്. അതിനു പിന്നാലെയാണ് മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ വരുന്നത്. അവിടേക്ക് കടന്നുവന്ന പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂരിനെ കണ്ടയുടനെ എടുത്തുയര്‍ത്തുന്ന കാഴ്ച ആരാധകരുടെ മനം നിറച്ചു. ഇവര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ ആ സ്നേഹപ്രകടനത്തിലൂടെ ശരിക്കും മനസ്സിലാകും.
ലൂസിഫര്‍, ബ്രോ ഡാഡി, എമ്പുരാന്‍ തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിങ് സമയത്തും പ്രമോഷന്‍ വീഡിയോയിലും മറ്റുമായി ആന്റണി പെരുമ്പാവൂരും പൃഥ്വിരാജും തമ്മിലുള്ള സൗഹൃദം തുറന്നുകാണിക്കുന്ന നിരവധി നിമിഷങ്ങള്‍ ആരാധകര്‍ കണ്ടിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ പരസ്പരം ട്രോളി ഇരുവരും പങ്കുവെക്കുന്ന പോസ്റ്റും കമന്റുകളും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. അതുപോലെ തന്നെ എമ്പുരാന് മുന്നോടിയായുള്ള അവസാന മണിക്കൂറുകളില്‍ കണ്ട ഊഷ്മളായ സൗഹൃദത്തിന്റെ നിമിഷങ്ങളെയും ആരാധകര്‍ നെഞ്ചേറ്റിയിരിക്കുകയാണ്. ‘ഒരു സംവിധായകനും നിര്‍മാതാവും തമ്മില്‍ ഇങ്ങനെയൊരു ബോണ്ട് കാണാന്‍ കഴിയുന്നത് അപൂര്‍വമാണ്’ എന്നാണ് പലരും കമന്റുകളില്‍ കുറിക്കുന്നത്.
ഇന്ന് രാവിലെ ആറ് മണിക്കാണ് എമ്പുരാന്റെ ആദ്യ ഷോസ് തുടങ്ങിയത്. അഡ്വാന്‍സ് സെയില്‍സിലൂടെ 50 കോടി നേടി ചരിത്രം കുറിച്ചാണ് മോഹന്‍ലാല്‍ ചിത്രം തിയേറ്ററുകളിലെത്തിയത്. പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുരളി ഗോപി തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ഗോകുലം മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.