-->
കേരളത്തിന്റെ ചീഫ് സെക്രട്ടറിക്ക് നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിടേണ്ടി വരുന്നത് സമൂഹത്തിന്റെ രോഗാതുരതയെയാണ് വ്യക്തമാക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്. ശാരദ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇന്നലെ രാത്രി തന്നെ വായിച്ചിരുന്നു.
നമ്മുടെ നാട്ടില്‍ എന്തൊരു മാനസികാവസ്ഥയാണ് രൂപപ്പെട്ടുവരുന്നത്, താന്‍ സ്പീക്കറായിരിക്കുമ്പോള്‍ ഒരു റൂളിങ്ങില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. നിറം, ശാരീരികമായ പ്രത്യേകതകള്‍, ജാതി , മതം ഇങ്ങനെയുള്ള വ്യക്തി അധിക്ഷേപം അത് ഒരു തരം രോഗാതുരതയാണ്. ചീഫ് സെക്രട്ടറി മാത്രമല്ല ദൈനംദിനം എത്രയധികം പേര്‍ അധിക്ഷേപിക്കപ്പെടുന്നുണ്ടെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ അതിനൊരു ഉദാഹരണമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
എന്തിന് കറുപ്പില്‍ വില്ലത്തരം ആരോപിക്കണമെന്നും കറുപ്പിന് എന്താണ് കുഴപ്പമെന്നുമാണ് ശാരദ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നത്. കറുപ്പ് ഹൃദയത്തിന്റെ ഇരുട്ടിന്റേയും ദൗര്‍ഭാഗ്യത്തിന്റേയും നിറമല്ലെന്നും അത് പ്രപഞ്ചത്തിന്റെ സര്‍വവ്യാപിയായ സത്യമാണെന്നും ശാരദ കൂട്ടിച്ചേര്‍ത്തു.
കറുപ്പ് വൃത്തികേടല്ലെന്നും പകരം വൃത്തിയാണെന്നും മനസിലാക്കിയാല്‍ മാത്രമേ കറുപ്പിനെക്കുറിച്ചുള്ള തെറ്റായ ധാരണകളില്‍ നിന്ന് നമ്മുക്ക് പുറത്തുകടക്കാനാകൂ. ഞാന്‍ ശാരദയാണെന്നും ഞാന്‍ കറുപ്പെന്നും അംഗീകരിക്കാനും കറുപ്പ് എന്റെ അഴകിനോ സ്വഭാവത്തിനോ കുറവുവരുത്തുന്നതല്ല മറിച്ച് കൂട്ടുന്നതാണെന്ന് തിരിച്ചറിയാനും തനിക്ക് സാധിച്ചുവെന്ന് ശാരദ മുരളീധരന്‍ പറഞ്ഞു. താന്‍ മുന്‍പ് തന്റെ കറുപ്പില്‍ നിന്ന് ഒളിച്ച് നടക്കാന്‍ നോക്കിയിരുന്നെന്നും ഇപ്പോഴത് മാറിയെന്നും ശാരദ കൂട്ടിച്ചേര്‍ത്തു. നിറത്തിന്റെ പേരില്‍ താന്‍ നേരിട്ട ഒരു കമന്റിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായ പശ്ചാത്തലത്തിലായിരുന്നു ചീഫ് സെക്രട്ടറിയുടെ പ്രതികരണം.