-->
റോഡിലൂടെ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ റോഡ് നിയമങ്ങള്‍ അറിയേണ്ടതും പാലിക്കേണ്ടതും അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ നല്ലൊരു ഡ്രൈവറാകാന്‍ സാധിക്കുകയുള്ളു. ലൈസന്‍സ് ലഭിക്കണമെങ്കില്‍ വാഹനം ഓടിച്ച് കാണിക്കുന്നത് പോലെ തന്നെ പ്രധാനമാണ് റോഡ് നിയമങ്ങള്‍ എത്രത്തോളം നിങ്ങള്‍ക്ക് അറിയാമെന്ന് പരീക്ഷിക്കുന്ന എഴുത്ത് പരീക്ഷയും. ഇത്തരം എഴുത്ത് പരീക്ഷയില്‍ സ്ഥിരമായി ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ടാകും. അത് എല്ലാവര്‍ക്കും അറിയാവുന്നതുമായിരിക്കും. എന്നാല്‍. ചിലപ്പോള്‍ നമ്മള്‍ അത്രയ്ക്ക് കണ്ട് പരിചയമില്ലാത്ത ചോദ്യങ്ങളുമുണ്ടാകും. അത്തരമൊരു ട്രാഫിക് ചിഹ്നം പരിചയപ്പെടുത്തുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ചതുരത്തിലുള്ള ഒരു കറുത്ത കളവും അതില്‍ നിന്നും താഴേക്ക് ഇടിമിന്നലിന്റേത് പോലുള്ള (സിങ്‌സാങ്) ചിഹ്നമായിരുന്നു സൈന്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ചിലര്‍ക്ക് അറിയാമെങ്കിലും പലര്‍ക്കും ഈ സൈന്‍ ബോര്‍ഡിനെ കുറിച്ച് അറിയില്ലെന്ന് സൂചിപ്പിച്ച് കൊണ്ടാണ് ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍ തന്റെ വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം റോഡിന് കുറുകെ കൂടി വൈദ്യുതി കമ്പികള്‍ കടന്ന് പോകുന്ന സ്ഥലങ്ങളിലാണ് ഇത്തരം ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കുന്നു.
ചിലപ്പോള്‍ റോഡിലൂടെ കടന്ന് പോകുന്ന വാഹങ്ങള്‍ക്ക് അപകമുണ്ടാക്കുന്ന തരത്തില്‍ വൈദ്യുതി കമ്പികള്‍ അപകടകരമായ രീതിയില്‍ താഴ്ന്ന് കിടക്കുകയാകാം. ഉയരം കൂടിയ വാഹനങ്ങള്‍ ഇതുവഴി പോകുമ്പോള്‍ തീ പിടിത്തം പോലുള്ള അപകടങ്ങള്‍ക്ക് കാരണമാകാം. ഈ സൈന്‍ ബോര്‍ഡിനെ കുറിച്ച് അറിയാത്തയാളാണ് ഡ്രൈവറെങ്കില്‍ ഇത്തരം സ്ഥലങ്ങളില്‍ അപകട സാധ്യത കൂടുതലാണ്. മറിച്ച് സൈന്‍ ബോര്‍ഡ് തിരിച്ചറിയാന്‍ കഴിയുന്ന ഡ്രൈവറാണെങ്കില്‍ വൈദ്യുതി ലൈനുകള്‍ അപകടകരമായ അവസ്ഥയിലാണോയെന്ന് പരിശോധിച്ച ശേഷം കടന്ന് പോകാന്‍ കഴിയും. വീഡിയോ ഇതിനകം വൈറലായി. ഒന്നര ലക്ഷം പേര്‍ ലൈക്ക് ചെയ്ത വീഡിയോ ഇതിനകം 20 ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു.