-->
മലയാളികളുടെ സ്വകാര്യ അഹങ്കാരവും വികാരവുമാണ് മമ്മൂട്ടി. കഴിഞ്ഞ കുറച്ചു നാളുകളായി മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇക്കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ശബരിമലയില്‍ എത്തിയതും സ്വന്തം ഇച്ചാക്കയ്ക്ക് വേണ്ടി ഉഷഃപൂജ വഴിപാടായി എഴുതിച്ചതുമൊക്കെ സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുത്തതാണ്.
എന്നാല്‍ ഇപ്പോഴിതാ അസുഖബാധിതനായ മമ്മൂട്ടിക്കുവേണ്ടി ശബരിമലയില്‍ മോഹന്‍ലാല്‍ വഴിപാട് കഴിച്ചതിനെതിരെ മാധ്യമം ദിനപ്പത്രത്തിന്റെ മുന്‍ എഡിറ്ററും, ജമാ അത്തെ ഇസ്ലാമി പ്രഭാഷകനുമായ ഒ അബ്ദുല്ല പ്രതികരിച്ചതാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജ വഴിപാട് മോഹന്‍ലാല്‍ നടത്തിയത് നിശിതമായി വിമര്‍ശിച്ചാണ് രംഗത്ത് എത്തിയത്. അള്ളാഹുവിനെ അല്ലാതെ മറ്റാരെയും, ഒരു മുസ്ലീം ആരാധിക്കരുത് എന്നും, മമ്മുട്ടിയുടെ സമ്മതത്തോടെയാണ് ഈ വഴിപാട് നടന്നതെങ്കില്‍ അദ്ദേഹം മാപ്പുപറയണം എന്നും അബ്ദുള്ള പറയുന്നു. വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെയാണ് ഒ അബ്ദുള്ള രൂക്ഷ പരാമര്‍ശങ്ങളുമായി യു ട്യൂബ് ചാനലിലൂടെ രംഗത്തെത്തിയത്.
‘‘മമ്മൂട്ടിയുടെ അറിവോടെയാണ്, മോഹന്‍ലാല്‍ അത് ചെയ്തതെങ്കില്‍ മമ്മൂട്ടി തൗബ ചെയ്യണം, മുസ്ലീം സമുദായത്തോട് മാപ്പു പറയണമെന്നും അദേഹം ആവശ്യപ്പെട്ടു. വളരെ ഗുരുതരമായ ഒരു വീഴ്ചയാണ് മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നു. അദ്ദേഹത്തിന്റെ പേരില്‍ ശബരിമലയില്‍ മോഹന്‍ലാല്‍ വഴിപാട് നടത്തിയിരിക്കുന്നു എന്നാണ് വാര്‍ത്ത.
ഇത് മമ്മൂട്ടി പറഞ്ഞ് എല്‍പ്പിക്കാതെ, മോഹന്‍ലാലിന്റെ വിശ്വാസം അനുസരിച്ച് അദ്ദേഹം ചെയ്തതാണെങ്കില്‍, ആ സംഭവത്തില്‍ മമ്മൂട്ടി നിരപരാധിയാണ്, അദ്ദേഹത്തെ ഒട്ടും തന്നെ വിമര്‍ശിക്കാന്‍ പാടില്ല. കാരണം മോഹന്‍ലാലിന്റെ ശബരിമല ശാസ്താവിലുള്ള വിശ്വാസം ആത്രത്തോളം വലുതാണ്. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ചെയ്തതാണെങ്കില്‍ പ്രശ്‌നമില്ല.
പക്ഷേ മമ്മൂട്ടി പറഞ്ഞ് എല്‍പ്പിച്ചാണ് ചെയ്തതെങ്കില്‍ അത് മഹാ അപരാധമാണ്. കാരണം, അള്ളാഹുവിന് മാത്രമെ വഴിപാടുകള്‍ അര്‍പ്പിക്കാന്‍ പാടുള്ളൂ. അള്ളാഹുവിനോട് മാത്രമേ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ പാടുള്ളൂ, അള്ളാഹുവിനോടെ സഹായം തേടാന്‍ പാടുള്ളൂ. ഇതിന്റെ എല്ലാം ലംഘനമാണ് അത്.
പ്രവാചകന്റെ കാലത്തുതന്നെ വിലക്കപ്പെട്ടതാണിത്. ലാത്ത, മനാത്തയാവട്ടെ, ഉസ്സയാവട്ടെ ശബരിമല ശാസ്താവാട്ടെ അള്ളാഹുവിന്റെ ഏകത്വത്തില്‍ പങ്കുചേര്‍ക്കാനോ, അതിന് വിരുദ്ധമായത് പ്രവര്‍ത്തിക്കുന്നത് എന്ത് കാരണത്താലും ശരിയല്ല. മമ്മൂട്ടിയില്‍നിന്ന് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യമാണ്. അദ്ദേഹം അറിഞ്ഞുകൊണ്ട് ചെയ്തതാണോ എന്ന്, സമുദായത്തോട് വ്യക്തമാക്കണം. ഇല്ലെങ്കില്‍ വലിയൊരു വ്യതിയാനമായി അതിനെ, കണക്കാക്കപ്പെടും. പ്രത്യേകിച്ച് റമാദാന്‍ മാസത്തില്‍, അത് ഒരിക്കലം അനുവദിക്കാന്‍ പാടില്ല. മുസ്ലീം മതപണ്ഡിതന്‍മാര്‍ ഇക്കാര്യത്തില്‍ ഇടപെടണം....’’ ഒ അബ്ദുല്ല വീഡിയോയില്‍ പറഞ്ഞു.
വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ വന്‍ തോതിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. വര്‍ഗീയത പറഞ്ഞ ഒ.അബ്ദുള്ളയെ ഇസ്ലാമിക വിശ്വാസികള്‍ എയറിലാക്കിയിട്ടുണ്ട്. ‘ഇതുപോലുള്ള മനുഷ്യരാണ് നമ്മുടെ നാടിന്റെ ആപത്ത്, മതം സ്നേഹമാണ്...സ്നേഹമെന്ന മതത്തിന്റെ മുൻപിൻ വിദ്വേഷത്തിന് എന്ത് സ്ഥാനം, അബ്ദുള്ളേ ശബരിമലയിൽ വാവര് സ്വാമി ഇരിക്കുന്നുണ്ടല്ലോ ആ കുടുംബത്തെ പള്ളിയിൽ നിന്ന് ബ്രഷ്ട്ട് കല്പിക്കുമോ...’ എന്നതടക്കമാണ് കമന്റുകള്‍. ഏതായാലും കമന്റുകള്‍ സഹിക്കവയ്യാതെ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട് ഒ.അബ്ദുള്ള.
അസുഖബാധിതനായി വിശ്രമത്തിലായ, മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജയാണ് മോഹന്‍ലാല്‍ വഴിപാടായി നടത്തിയത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു.
ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍ തന്നെ രംഗത്തെത്തിയിരുന്നു. ‘‘മമ്മൂട്ടി സഹോദരനും സുഹൃത്തുമാണ്. ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് വ്യക്തിപരമായ കാര്യമാണ്. മമ്മൂട്ടി സുഖമായിരിക്കുന്നു. എല്ലാവരെയും പോലെ അദ്ദേഹത്തിന് ഒരു ചെറിയ പ്രശ്നമുണ്ടായിരുന്നു. ആശങ്കപ്പെടാന്‍ ഒന്നുമില്ല....’’ മോഹന്‍ലാല്‍ പറഞ്ഞു. എമ്പുരാന്റെ റീലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്ന സമയത്താണ് മോഹന്‍ലാന്റെ പ്രതികരിച്ചത്.