Sunday, March 15, 2026 Last Updated 39 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 24 Mar 2025 03.21 PM

പൈജാമ ധരിച്ച്, വ്യാജ റൂം നമ്പര്‍ പറഞ്ഞ് 5 സ്റ്റാര്‍ ഹോട്ടലിന്റെ റസ്റ്റോറന്റില്‍; സൗജന്യ ഭക്ഷണം കഴിച്ച് മടക്കം, ഫോണ്‍ മറന്നപ്പോള്‍ കൈയോടെ പിടിക്കപ്പെട്ടു- വൈറല്‍ വീഡിയോ

uploads/news/2025/03/771721/Untitled-7.jpg
Free Food in 5 star hotel prank goes wrong (Image Source: Instagram)

സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്ന ചില​‍ പ്രാങ്ക് വീഡിയോകള്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അവയില്‍ ചിലതൊക്കെ പ്രാങ്ക് പ്ലാന്‍ ചെയ്യുന്നവര്‍ക്ക് തിരിച്ചടിയായി മാറുന്നതുമാണ്. ലൈക്കും ഷെയറും റീച്ചും കൂട്ടാനായി തങ്ങള്‍ക്ക് പറ്റിയ അമളികള്‍ പോലും പലരും പങ്കുവയ്ക്കാറുണ്ട്. കണ്ടന്റിനു വേണ്ടി അപഹാസ്യമായ പ്രവര്‍ത്തികള്‍ ചെയ്യാന്‍ പോലും ചിലര്‍ക്ക് മടിയില്ല. യഥാര്‍ത്ഥ പ്രാങ്ക് വീഡിയോയേക്കാള്‍ ഒരുപക്ഷേ കൂടുതല്‍ വൈറലാകുന്നതും ഈ വീഡിയോകളായിരിക്കും.
ഇപ്പോഴിതാ അത്തരത്തില്‍ ചെയ്ത ഒരു പ്രാങ്ക് വീഡിയോ പിടിക്കപ്പെട്ടതാണ് സോഷ്യല്‍ മീഡിയ കണ്ടന്റ് ​‍ക്രിയേറ്ററായ യുവതി പങ്കിട്ടിരിക്കുന്നത്. ദില്ലിയിലെ ഒരു ഫൈവ്‍സ്റ്റാർ ഹോട്ടലിലെ താമസക്കാരിയായി അഭിനയിച്ച്‌ തനിക്കും തന്നോടൊപ്പം ഉണ്ടായിരുന്ന വ്യക്തിക്കും സൗജന്യ ഭക്ഷണം നേടിയെടുക്കാനാണ് ഈ സോഷ്യല്‍ മീഡിയാ കണ്ടന്റ് ക്രിയേറ്ററായ യുവതി ശ്രമിച്ചത്. എന്നാല്‍, ഇവരുടെ കള്ളത്തരം ഹോട്ടല്‍ ജീവനക്കാർ കണ്ടുപിടിച്ചതോടെ കഴിച്ച ഭക്ഷണത്തിന്റെ പണം നല്‍കിയാണ് യുവതി അവിടെ നിന്ന് പമ്പ കടന്നത്.
നിഷു തിവാരി എന്ന് യുവതിയാണ് തനിക്ക് പറ്റിയ അമളി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. നിഷ്ഠ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുന്ന ഒരു വ്യക്തിയെപ്പോലെ അഭിനയിച്ച്‌ അതേ ഹോട്ടലിന്റെ റസ്റ്റോറന്റില്‍ എത്തുന്നത് വീഡിയോയില്‍ കാണാം. ഹോട്ടല്‍ ജീവനക്കാർക്ക് സംശയം തോന്നാതിരിക്കാൻ പൈജാമ ധരിച്ചായിരുന്നു ഇവർ എത്തിയത്. തുടർന്ന് വ്യാജ റൂം നമ്പർ പറഞ്ഞ് ജീവനക്കാരെ കബളിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്
നിഷു തിവാരി പറഞ്ഞത് വിശ്വസിച്ച റസ്റ്റോറൻറ് ജീവനക്കാർ അവർ ആവശ്യപ്പെട്ട ഭക്ഷണം വിളമ്പി. തിവാരിയും അവരോടൊപ്പം ഉണ്ടായിരുന്ന വ്യക്തിയും ഭക്ഷണം ആസ്വദിച്ചു കഴിച്ചു. ശേഷം റസ്റ്റോറന്റില്‍ നിന്നും ഇറങ്ങിയപ്പോള്‍ തിവാരിയോടൊപ്പം ഉണ്ടായിരുന്ന വ്യക്തി അബദ്ധത്തില്‍ തന്റെ ഫോണ്‍ റസ്റ്റോറന്റില്‍ മറന്നുവെച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാർ ഉടൻതന്നെ ഫോണ്‍ മറന്നു വെച്ച കാര്യം അറിയിക്കാനായി അവർ പറഞ്ഞ റൂം നമ്പറിലേക്ക് വിളിച്ചു.
അപ്പോഴാണ് റസ്റ്റോറൻറ് ജീവനക്കാർക്ക് തങ്ങള്‍ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് മനസ്സിലായത്. വേഗത്തിലുള്ള ഇടപെടലിലൂടെ അവർക്ക് നിഷു തിവാരിയും സംഘവും ഹോട്ടല്‍ കോമ്പൗണ്ടില്‍ നിന്നും പുറത്തു കടക്കുന്നതിന് മുൻപ് തന്നെ പിടിച്ചു. തുടർന്ന് ഇവരില്‍ നിന്നും കഴിച്ച ഭക്ഷണത്തിന്റെ 3600 രൂപ ഈടാക്കുകയും ചെയ്തു. പിടിയിലായപ്പോള്‍ താൻ സോഷ്യല്‍ മീഡിയ കണ്ടന്റിന് വേണ്ടി ചെയ്തതാണ് ഇതെന്നായിരുന്നു നിഷു തിവാരിയുടെ വിശദീകരണം. ആളുകളെ കബളിപ്പിച്ച്‌ എങ്ങനെ ജീവിക്കാം എന്നതില്‍ ഒരു വീഡിയോ സീരീസ് തയ്യാറാക്കുന്നതിന്റെ ഭാഗമായിരുന്നു ഇതെന്നും അവർ പറഞ്ഞു.
ഏതായാലും പ്രാങ്ക് പിടിക്കപ്പെട്ടെങ്കിലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. വീഡിയോയ്ക്ക് താഴെ വിമര്‍ശനങ്ങളും വരുന്നുണ്ട്. ‘സത്യം പറഞ്ഞാലും ആരും വിശ്വസിക്കാത്തത് ഇതു കൊണ്ടാണെന്നും, ഇത്തിരി കൂടിപ്പോയെന്നും, പൈസ കൊടുക്കേണ്ടി വന്നത് നന്നായിപ്പോയി’ എന്നും കമന്റിടുന്നവരുണ്ട്.

Ads by Google
Monday 24 Mar 2025 03.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW