-->
മലയാളം സിനിമ ചരിത്രത്തിൽ തന്നെ ആരാധകർ എറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന എമ്പുരാൻ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന എമ്പുരാന്റെ പ്രമോഷൻ തിരക്കുകളിലാണ് മോഹൻലാലും പൃഥ്വിയും അടക്കമുള്ള താരങ്ങൾ.
മുംബൈയിലെ പ്രമോഷൻ പരിപാടികൾക്ക് ശേഷം മടങ്ങിയെത്തുന്ന മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. മോഹൻലാൽ ആണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. "അഡ്വാൻസ് ബുക്കിങ് പോലെ ഉയരുന്നു" എന്ന ക്യാപ്ഷനോടെയാണ് വിമാനത്തിൽ നിന്നുള്ള ചിത്രം പങ്കുവച്ചത്. "ബുക്ക് മൈ ഷോ ഹാങ്ങ് ആക്കിയിട്ടുള്ള ഇരിപ്പാണ്", "എല്ലാം ഒപ്പിച്ചു വെച്ചിട്ടുള്ള കള്ള ചിരികൾ" തുടങ്ങി നിരവധി കമന്റുകളും വീഡിയോയിലുണ്ട്.
ഇന്നലെ രാവിലെ 9 മണിയോടെയാണ് ഇന്ത്യയിലെ എമ്പുരാന്റെ ബുക്കിങ് ആരംഭിച്ചത്. ബുക്കിങ് തുടങ്ങി മിനിറ്റുകൾക്കുള്ളിൽ ബുക്കിങ് ആപ്ലിക്കേഷനായ ബുക്ക് മൈ ഷോ വരെ ഹാങ്ങാവുകയും സെർവർ ഡൗൺ ആവുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രമുഖ തിയേറ്ററുകളിലെല്ലാം റിലീസ് ദിവസത്തെ ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റു തീർന്നതായാണ് വിവരം.
മാർച്ച് 27ന് ആറു മണിയ്ക്കാണ് എമ്പുരാന്റെ ആദ്യ ഷോ ആരംഭിക്കുക. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മുതൽ മുടക്കേറിയ ചിത്രമായി ഒരുങ്ങുന്ന എമ്പുരാൻ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും റിലീസിനെത്തും. മലയാളം സിനിമ ചരിത്രത്തിൽ ആദ്യമായി IMAX-ൽ റിലീസ് ചെയ്യുന്ന ചിത്രം എന്ന പ്രത്യകതയും എമ്പുരാനുണ്ട്.