-->
തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്–മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ ആറു ദിവസങ്ങള്‍ക്ക് ശേഷം ആഗോള തലത്തില്‍ റിലീസിന് ഒരുങ്ങുകയാണ്. 2019 ൽ റിലീസ് ചെയ്‍ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്നതാണ് എമ്പുരാൻ. കഴിഞ്ഞ ദിവസം അർദ്ധരാത്രി എമ്പുരാന്റെ ഡിജിറ്റൽ റിലീസ് ചെയ്തിരുന്നു. അതിനു ശേഷം മുംബൈയില്‍ വച്ചുള്ള ചടങ്ങില്‍ ഔദ്യോഗിക ട്രെയിലർ ലോഞ്ചും നടന്നു. ചടങ്ങിൽ പ്രധാന നടൻ മോഹൻലാൽ, സംവിധായകനും നടനുമായ പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ, ഇന്ദ്രജിത്ത് സുകുമാരൻ, നിർമ്മാതാക്കളായ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ എന്നിവർ പങ്കെടുത്തിരുന്നു. ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ, ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയുടെ പ്രിയനായികയായി മാറിയ മഞ്ജു വാര്യര്‍ പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രമായി എമ്പുരാനിലും എത്തുന്നുണ്ട്.
ഇപ്പോഴിതാ ആ ചടങ്ങില്‍ വച്ച് മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കിടുകയാണ് മഞ്ജു വാര്യര്‍. ചുഏറ്റവും വലിയൊരു അനുഗ്രഹമാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിയുക എന്നു പറയുകയാണ് മഞ്ജു വാര്യര്‍.
‘‘ലാലേട്ടനൊപ്പം അഭിനയിക്കുക എന്നത് ഏതൊരു അഭിനേതാവിനെ സംബന്ധിച്ചും വലിയൊരു അനുഗ്രഹമാണ്. കുറച്ചു സിനിമകളില്‍ അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എനിക്ക് കിട്ടിയ അഭിനന്ദനങ്ങൾ, ശ്രദ്ധിക്കപ്പെട്ടതും പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടതുമായ പ്രകടനങ്ങൾ, കഥാപാത്രങ്ങള്‍ എന്നിവയെല്ലാം അദ്ദേഹത്തോടൊപ്പമുള്ള സിനിമകള്‍ക്കാണെന്ന് എനിക്ക് നിസ്സംശയം പറയാം. സഹതാരമെന്ന നിലയിൽ എനിക്ക് അതിശയകരമായ ഇടം നൽകിയതിന് ഞാൻ അദ്ദേഹത്തോട് നന്ദി പറയണം. ലാലേട്ടന്റെ കൂടെ എത്ര പടം അഭിനയിക്കാന്‍ കിട്ടിയാലും മതിയാവില്ല. ലാലേട്ടനെ പോലെയുള്ള ഇതിഹാസത്തിനോട് നന്ദിയുണ്ട്...’’ മഞ്ജു വാര്യര്‍ പറഞ്ഞു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. 2019 ൽ റിലീസ് ചെയ്‍ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.