-->
കോട്ടയം: സംസ്ഥാനത്ത് അള്‍ട്രാ വയലറ്റ് (യുവി) കിരണങ്ങളുടെ തോത് ഉയരുന്നത് ജനജീവിതം ദുരിതപൂര്‍ണമാക്കുന്നു. കൊല്ലം, ഇടുക്കി ജില്ലകളില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന യുവി ഇന്‍ഡക്‌സ് 7 ആണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 6, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 5 എന്നിങ്ങനെയാണ് ഉയര്‍ന്ന യുവി ഇന്‍ഡക്‌സ് രേഖപ്പെടുത്തിയത്. യുവി ഇന്‍ഡക്‌സ് 5ന് മുകളിലേക്കു പോയാല്‍ അപകടകരമാണെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം യുവി ഇന്‍ഡക്‌സ് 3 രേഖപ്പെടുത്തിയ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളും 2 രേഖപ്പെടുത്തിയ കോഴിക്കോട്, വയനാട് ജില്ലകളും 0 രേഖപ്പെടുത്തിയ മലപ്പുറം ജില്ലയുമാണ് അള്‍ട്രാ വയലറ്റ് കിരണങ്ങളുടെ അപകടകരമായ തോതിന് താഴെയുള്ളത്. വെയിലിന് ഒപ്പം എത്തുന്ന തരംഗ ദൈര്‍ഘ്യം കുറഞ്ഞ വികിരണമാണ് യുവി. അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയും വായുമണ്ഡലവും ജലതന്മാത്രകളും എല്ലാം കടന്നു ഭൂമിയില്‍ എത്തുന്ന ഇവ ശരീരത്തില്‍ വൈറ്റമിന്‍ ഡി നിര്‍മിക്കാന്‍ നല്ലതാണെങ്കിലും അധികമായാല്‍ മാരകമാണ്.
പകല്‍ 10 മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കുന്നു. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ വിളപ്പില്‍ശാല, കൊല്ലം - കൊട്ടാരക്കര, പത്തനംതിട്ട - കോന്നി, ആലപ്പുഴ - ചെങ്ങന്നൂര്‍, കോട്ടയം - ചങ്ങനാശേരി, എറണാകുളം - കളമശേരി, തൃശൂര്‍ - ഒല്ലൂര്‍, പാലക്കാട് - തൃത്താല, കോഴിക്കോട് - ബേപ്പൂര്‍, വയനാട് - മാനന്തവാടി, കണ്ണൂര്‍ - ധര്‍മടം, കാസര്‍കോട് - ഉദുമ എന്നിവിടങ്ങളിലാണ് ദുരന്ത നിവാരണ വകുപ്പിന്റെ യുവി നിരീക്ഷണ സംവിധാനങ്ങള്‍ നിലവിലുള്ളത്.