-->
ഉത്തര്‍പ്രദേശില്‍ മുത്തശ്ശിയെ കടിച്ചുകീറിക്കൊന്ന നായയെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കൊച്ചുമകന്‍ രംഗത്ത്. കാണ്‍പൂരിലാണ് സംഭവം. ഹോളിദിനത്തിലാണ് 90 വയസ്സുള്ള സ്ത്രീയെ സ്വന്തം വീട്ടില്‍ വളര്‍ത്തുന്ന ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായ കടിച്ചു കൊന്നത്. എന്നാല്‍ സ്ത്രീ മരിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് വളര്‍ത്തുനായയെ തിരികെ നല്‍കണമെന്ന് ഇവരുടെ കൊച്ചുമകന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനോട് അപേക്ഷിച്ചത്. നായയെ കൊണ്ടുപോയ ശേഷം വീട്ടില്‍ ആര്‍ക്കും ഭക്ഷണം പോലും കഴിക്കാന്‍ സാധിച്ചിട്ടില്ല എന്നും ഇയാള്‍ പറഞ്ഞു.
മാര്‍ച്ച് 14 -ന് കാണ്‍പൂരിലെ വികാസ് നഗറില്‍ വച്ചാണ് മോഹിനി ത്രിവേദി എന്ന സ്ത്രീ കൊല്ലപ്പെട്ടത്. റിട്ട. കേണല്‍ കൂടിയായ മകന്‍ സഞ്ജീവ് ത്രിവേദി, കൊച്ചുമകന്‍ ധീരു പ്രശാന്ത് ത്രിവേദി, മരുമകള്‍ കിരണ്‍ എന്നിവര്‍ക്കൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. കുടുംബത്തിലെ പെറ്റ് ആയിരുന്നു ഈ ജര്‍മ്മന്‍ ഷെപ്പേര്‍ഡ്. അടുത്തിടെ നായ അക്രമണ സ്വഭാവം കാണിച്ച് തുടങ്ങുകയായിരുന്നു. അവനെ നിയന്ത്രിക്കാനുള്ള ശ്രമത്തില്‍ നേരത്തെ ധീരുവിനും കിരണിനും പരിക്കേറ്റതുമാണ്.
ഹോളി ദിവസം വൈകുന്നേരം, നായയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് മോഹിനി ദേവിയെ നായ അക്രമിച്ചത്. ആ അക്രമണത്തെ തുടര്‍ന്ന് അവര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. അയല്‍ക്കാര്‍ ഉടന്‍ തന്നെ മുനിസിപ്പല്‍ കോര്‍പ്പറേഷനെ വിവരമറിയിക്കുകയും രാത്രി വൈകിയോടെ സംഘം നായയെ പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് കാണ്‍പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന് പിന്നീട് ഇവരുടെ കൊച്ചുമകന്‍ അപേക്ഷ നല്‍കുകയായിരുന്നു. നായയില്ലാതെ ഭക്ഷണം പോലും ഇറങ്ങുന്നില്ല, നായയെ കൊണ്ടുപോയി എന്ത് അപകടമുണ്ടായാലും താന്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തോളാം എന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, അധികൃതര്‍ നായയെ വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടില്ല.