-->
തിരുവനന്തപുരം : ഷാബാ ഷെരീഫ് കേസിനു മുമ്പ്, മൃതദേഹം കണ്ടെത്താന്‍ കഴിയാതെ പോലീസ് വലഞ്ഞ തിരോധാനക്കേസുകള്‍ അടിയന്തരാവസ്ഥക്കാലത്തെ രാജന്‍ കേസും ചേകന്നൂര്‍ മൗലവി കേസും മാത്രം. അതുകൊണ്ടുതന്നെ, മൃതദേഹം കണ്ടെടുക്കാതെ പ്രതികള്‍ക്കു ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞ ഷാബാ ഷെരീഫ് കേസ് കേരളാ പോലീസിന്റെ ചരിത്രത്തിലെ അത്യപൂര്‍വനേട്ടങ്ങളിലൊന്നായി.
രാജന്‍ കേസില്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും കോയമ്പത്തൂരിലെ വിചാരണക്കോടതിയില്‍ കൊലപാതകക്കുറ്റം തെളിയിക്കാന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. കക്കയം ക്യാമ്പില്‍ രാജന്‍ കൊല്ലപ്പെട്ടിരിക്കാമെന്ന നിഗമനത്തില്‍ മാത്രമാണു കോടതി എത്തിച്ചേര്‍ന്നത്. മൃതദേഹം കണ്ടെത്താനുമായില്ല, നശിപ്പിച്ചെന്നു തെളിയിക്കാനുമായില്ല. സംശയലേശമെന്യേ കൊലക്കുറ്റം തെളിഞ്ഞില്ലെന്നായിരുന്നു വിധി. ചേകന്നൂര്‍ മൗലവി കേസിലും പ്രതികളിലേക്കു നിരവധി സൂചനകള്‍ ലഭിച്ചെങ്കിലും കൊലപാതകം തെളിയിക്കാന്‍ പോലീസിനോ മറ്റ് ഏജന്‍സികള്‍ക്കോ കഴിഞ്ഞില്ല.
മൃതദേഹം കിട്ടാതെ എങ്ങനെ ഒരാള്‍ മരിച്ചെന്നു തെളിയിക്കുമെന്ന നിയമപരമായ വെല്ലുവിളിയാണു ഷാബാ ഷെരീഫ് വധക്കേസിലും പോലീസ് നേരിട്ടത്. അതുകൊണ്ടുതന്നെ സാഹചര്യത്തെളിവുകളെയും ശാസ്ത്രീയതെളിവുകളെയും സൈബര്‍ തെളിവുകളെയും ആശ്രയിച്ചു. അന്വേഷണത്തില്‍ ലഭിച്ച മുടി മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ. പരിശോധനയിലൂടെ ഷാബാ ഷെരീഫിന്റേതാണെന്നു തെളിയിച്ചു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലായിരുന്നു പരിശോധന. കൊല്ലപ്പെട്ടയാളുടെ അസ്തിത്വം തെളിയിച്ചാണു കേസില്‍ പ്രതികള്‍ക്ക് അന്വേഷണസംഘം ശിക്ഷ ഉറപ്പാക്കിയത്.
മൃതദേഹം വെട്ടിനുറുക്കിയ ശൗചാലയത്തിലെ പൈപ്പ്, നവീകരിച്ച ശൗചാലയത്തില്‍നിന്ന് നീക്കംചെയ്ത ടൈല്‍, മണ്ണ്, സിമെന്റ് എന്നിവയില്‍നിന്നു ലഭിച്ച രക്തക്കറ, ചാലിയാര്‍ പുഴയില്‍ എടവണ്ണ ഭാഗത്ത് തെരച്ചിലിനിടെ കണ്ടെത്തിയ അസ്ഥി, മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ച ഷൈബിന്റെ ഹോണ്ടാ സിറ്റി കാറില്‍നിന്നു ലഭിച്ച മുടി, മൃതദേഹം വെട്ടിനുറുക്കാനുപയോഗിച്ച പുളിമരപ്പലകയുടെ കുറ്റി എന്നിവയാണു കണ്ടെത്താനായ നിര്‍ണായകതെളിവുകള്‍. മുഖ്യപ്രതി ഷൈബിന്റെ വീട്ടില്‍നിന്നും മൃതദേഹം തള്ളിയ ചാലിയാര്‍ പുഴയിലെ എടവണ്ണ സീതിഹാജി പാലത്തിന് സമീപത്തുനിന്നും കണ്ടെടുത്ത ഫോറന്‍സിക് തെളിവുകളും നിര്‍ണായകമായി.
മുടിയുടെയും രക്തക്കറയുടെ ഡി.എന്‍.എ. ഫലം വഴിത്തിരിവായി. സാഹചര്യത്തെളിവുകളും തൊണ്ടിമുതലുകളും ഉപയോഗപ്പെടുത്തി കൊലപാതകം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചു. ഏഴാംപ്രതി ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദിനെ മാപ്പുസാക്ഷിയാക്കി. പിടികിട്ടാന്‍ ബാക്കിയുണ്ടായിരുന്ന രണ്ട് പ്രതികളില്‍ ഒരാളായ ഫാസില്‍ ഗോവയില്‍ മരിച്ചു. മറ്റൊരു പ്രതി ഷമീം ഒളിവിലാണ്.