-->
കൊച്ചി: അങ്കമാലിയില്‍ കോളേജ് വിദ്യാര്‍ത്ഥിനി കാറിടിച്ചു മരിച്ച സംഭവത്തില്‍ അന്വേഷണത്തില്‍ അലംഭാവം കാട്ടിയോ എന്ന കാര്യത്തില്‍ പോലീസിനെതിരേയും അന്വേഷണം. ആലുവ ഡിവൈഎസ്പിയ്ക്ക് അന്വേഷണ ചുമതല. എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് റൂറല്‍ എസ്പി നിര്‍ദേശിച്ചു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കുന്നതിനിടെയാണ് സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയോ എന്ന കാര്യത്തിലും അന്വേഷണം വന്നിരിക്കുന്നത്.
നേരത്തേ പോലീസ് കേസെടുക്കുന്നതില്‍ അലംഭാവം കാണിച്ചെന്നും സമ്പന്നനായ പ്രതിയുമായി ഒത്തുകളിച്ചെന്നും രക്ഷപ്പെടാന്‍ അവസരമൊരുക്കിയെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അങ്കമാലി പോലീസ് പ്രതിയെ തെരയുന്നതിലും ശരിയായ രീതിയില്‍ അന്വേഷണം നടത്തുന്നതിലും അലംഭാവം കാട്ടിയോ എന്ന കാര്യത്തിലും അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. കേസില്‍ പോലീസിന് തുടക്കം മുതല്‍ വീഴ്ചവന്നതായിട്ടാണ് കണ്ടെത്തല്‍. പ്രതിയെ പിടികൂടാതെ സ്‌റ്റേഷനില്‍ നേരിട്ട് എത്തുമെന്ന് കാത്തിരുന്നത് തന്നെ വലിയ വീഴ്ചയായിരുന്നു.
സംഭവം നടന്ന് ആറു ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് പ്രതിയെ വാഗമണ്ണിലെ സഹോദരന്റെ റിസോര്‍ട്ടില്‍ നിന്നും പോലീസ് പിടികൂടിയത്. പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതുകൊണ്ടു തന്നെ തെളിയിക്കാന്‍ കഴിയാത്ത സ്ഥിതിയിലാകുകയും ചെയ്തിരുന്നു. ആളെ ഇടിച്ചിട്ടും എന്തുകൊണ്ടാണ് നിര്‍ത്താതെ പോയെന്ന ചോദ്യത്തിന് അപകടം ഉണ്ടായപ്പോള്‍ ഭയപ്പെട്ടു പോയി എന്നായിരുന്നു പ്രതിയു െമൊഴി. ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം ഇടപ്പള്ളിയില്‍ ആഹാരം കഴിക്കാന്‍ പോയി. അമിതവേഗത്തിലായിരുന്നു.
അപകടം ഉണ്ടായപ്പോള്‍ ഭയപ്പെട്ടുപോയെന്നും അതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നുമാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴി. അതേസമയം ഈ മൊഴി പോലീസ് ഗൗരവത്തില്‍ എടുത്തിട്ടില്ല. ലഹരി ഉപയോഗിച്ചിരുന്നോ എന്നാണ് പോലീസിന്റെ പ്രധാന സംശയം. ഇന്നലെ അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് അങ്കമാലിയില്‍ ചോദ്യം ചെയ്യും. നരഹത്യയ്ക്കാണ് സിറിയക്കിനെതിരേ കേസ് എടുത്തത്. കോടതിയില്‍ ഇന്ന് ഹാജരാക്കും. പരിേശാധനയ്ക്കായി പ്രതിയുടെ മുടിയുടെയും വിരലിന്റെ സാംപിള്‍ എടുത്തിട്ടുണ്ട്.