-->
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പന്തെറിഞ്ഞു തുടങ്ങാന്‍ ഇനി മണിക്കുറുകള്‍ മാത്രം ബാക്കിയാണ്. ഇന്ത്യന്‍ ടീമിലെയും ലോകക്രിക്കറ്റിലെയും അനേകം വമ്പന്മാര്‍ പാഡ് കെട്ടാന്‍ റെഡിയായിരിക്കുമ്പോള്‍ കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് നെഞ്ചിടിപ്പ് രാജസ്ഥാന്‍ റോയല്‍സിന്റെ കാര്യത്തിലാണ്. മലയാളികളുടെ പ്രിയപ്പെട്ട സഞ്ജുസാംസണ്‍ തന്നെയാണ് അതിന് കാരണം. എന്നാല്‍ രാജസ്ഥാനെ ആദ്യ മത്സരത്തില്‍ റയന്‍ പരാഗ് നയിച്ചേക്കുമെന്നാണ് കേള്‍ക്കുന്നത്. ആദ്യ മൂന്ന് മത്സരത്തില്‍ സഞ്ജു ബാറ്ററായി മാത്രമേ കളിക്കൂ എന്നുമാണ് വിവരം.
റയാന്‍പരാഗിന് നായകത്വം പരീക്ഷിക്കാനുള്ള അവസരമായി ആദ്യ മൂന്ന് മത്സരം മാറും. രാജസ്ഥാന്‍ റോയല്‍സിന്റെ സ്ഥിരം ക്യാപ്റ്റനായ സഞ്ജു സാംസണ് വലതുകൈയ്യുടെ നടുവിരലില്‍ പരിക്കേറ്റ സാഹചര്യത്തിലാണ് റയാന്‍ പരാഗ് നായകവേഷത്തില്‍ എത്തുന്നത്. ഇംഗ്‌ളണ്ടിനെതിരേയുള്ള ഇന്ത്യയുടെ മത്സരത്തില്‍ ജോഫ്രെ ആര്‍ച്ചറിന്റെ 150 കിലോമീറ്റര്‍ വേഗതയിലുള്ള പന്ത് കൊണ്ട് സഞ്ജുവിന്റെ വിരലിന് സാരമായി പരിക്കേറ്റിരുന്നു. ഫെബ്രുവരി 12 ന് വിരല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഇരിക്കുന്ന സാഹചര്യമാണ് താരത്തിനുള്ളത്.
സാംസണ്‍ റോയല്‍സ് ടീമിലേക്ക് തിരിച്ചെത്തി പരിശീലന സെഷനുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന് ഉടന്‍ വിക്കറ്റ് കീപ്പിംഗ് കളിക്കാന്‍ കഴിയുമോ എന്ന ചോദ്യം ഇപ്പോഴും നിലനില്‍ക്കുന്നു. മാര്‍ച്ച് 23 ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ റോയല്‍സിന്റെ ആദ്യ മത്സരത്തിന് വേണ്ടത്ര ഫിറ്റ്‌നസ് ഇല്ലെങ്കില്‍, ധ്രുവ് ജുറല്‍ വിക്കറ്റ് കീപ്പറായി എത്തും. അതേസമയം ഐപിഎല്ലിലെ മൂന്ന് മുന്‍ ചാംപ്യന്മാരെയാണ് ആദ്യ മൂന്ന് മത്സരത്തില്‍ നേരിടേണ്ടി വരുന്നത് എന്നതാണ് റയാന്‍ പരാഗിന് മുന്നിലുള്ള ആദ്യ വെല്ലുവിളി.
ടീമിന്റെ ആവേശം നിലനിര്‍ത്തുന്നതിലും തുടക്കത്തില്‍ തന്നെ വേഗത കൈവരിക്കുന്നതിലും പരാഗിന്റെ നായകത്വം നിര്‍ണായകമാകും. സാംസണ്‍ ടീമിലെ ഒഴിച്ചുകൂടാനാവാത്ത അംഗമാണെങ്കിലും, താല്‍ക്കാലിക നായകസ്ഥാനം പരാഗിന് ഒരു നല്ല നേതാവായി സ്വയം സ്ഥാപിക്കാനുള്ള അവസരം നല്‍കുന്നു. സാംസണ്‍ പൂര്‍ണ്ണമായും ആരോഗ്യവാനായിരിക്കുമ്പോള്‍ ക്യാപ്റ്റനായി തിരിച്ചെത്തും. കഴിഞ്ഞ കുറച്ച് സീസണുകളില്‍ റോയല്‍സിനെ വിജയത്തിലേക്ക് നയിച്ചതില്‍ അദ്ദേഹത്തിന്റെ നേതൃത്വം നിര്‍ണായകമാണ്.