-->
കോട്ടയം: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, താമസം റെയില്‍ പാലത്തിന്റെ ഇടയില്‍.... സിവില്‍ പോലീസ് ഓഫീസറെ കുത്തിയ അരുണ്‍ ബാബുവിന്റെ രീതികള്‍ ഇങ്ങനെ. മള്ളൂശേരിയില്‍ വീട്ടമ്മ തനിച്ച് താമസിക്കുന്ന വീട്ടില്‍ കവര്‍ച്ച നടത്തിയശേഷം മുങ്ങിയ പ്രതി ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. മള്ളൂശേരിയിലെ തറവാട്ട് വീട്ടില്‍ എത്തിയെങ്കിലും ഇവിടെ ബന്ധുക്കളുടെ അപ്രീതിക്ക് പാത്രമായ പ്രതി സമീപത്തെ റെയില്‍വേ മേല്‍പ്പാലത്തിന്റെ അടിയിലെ വിടവുകളിലാണ് കിടന്നുറങ്ങിയിരുന്നത്.
കൃത്യമായി ജോലിയില്ലാതായതോടെ ഇയാള്‍ കേസ് നടത്തുന്നതിന് അടക്കം പണം കണ്ടെത്താന്‍ മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. മള്ളൂശേരിയിലെയും പരിസരത്തെയും മൂന്ന് വീടുകളാണ് ഇയാള്‍ മോഷണത്തിനായി തെരഞ്ഞെടുത്തിരുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ഇയാളെ കണ്ടെത്തല്‍ പോലീസിനും ദുഷ്‌കരമായിരുന്നു. ഞായറാഴ്ച എസ്.എച്ച്. മൗണ്ട് ഭാഗത്ത് പ്രതിയെ കണ്ടതോടെ മഫ്തിയിലുണ്ടായിരുന്ന പോലീസ് സംഘം ഇയാളെ കടന്നു പിടിച്ചു.
പോലീസാണെന്നു പറഞ്ഞതിനു പിന്നാലെ സിവില്‍ പോലീസ് ഓഫിസര്‍ സുനു ഗോപിയെ പ്രതി കുത്തുകയായിരുന്നു. പൊന്‍കുന്നം പോലീസ് സ്‌റ്റേഷനില്‍ കഞ്ചാവ് വില്‍പ്പനയും അടിപിടിയും അടക്കം പത്തോളം കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഇതേത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഇയാള്‍ക്കെതിരെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. കാപ്പ നിയമം ലംഘിച്ചതിന് ഇയാളെ കരുതല്‍ തടങ്കലിലും പാര്‍പ്പിച്ചിരുന്നു.
പ്രതി പോലീസിന്റെയും എക്‌സൈസിന്റെയും ഹിറ്റ്‌ലിസ്റ്റിലുള്ളയാള്‍. ഞായറാഴ്ച അറസ്റ്റിലായ പുല്ലരിക്കുന്ന് പാലക്കുഴി അരുണ്‍ ബാബുവിനെതിരേ കാപ്പാ നിയമം ഉള്‍പ്പെടെ ചുമത്തിയിരുന്നു. കഞ്ചാവ്, അടിപിടി കേസുകളാണ് ഏറെയും. ഓട്ടോ ഡ്രൈവറെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ കേസ് ഈസ്റ്റ് സ്‌റ്റേഷനിലുണ്ട്. പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് പണവും സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതിയായ അരുണിനെ ഞായറാഴ്ച എസ്.എച്ച്. മൗണ്ടില്‍നിന്നു പിടികൂടാന്‍ ശ്രമിക്കവേ സിവില്‍ പോലീസ് ഓഫീസര്‍ സുനു ഗോപാലനെ കുത്തിവീഴ്ത്തുകയായിരുന്നു.
കഴിഞ്ഞ അഞ്ചിനു മള്ളൂശേരി കോയിത്തറ സോമാ ജോസി (65)നെയാണ് പ്രതി കെട്ടിയിട്ട് മൂന്നു പവന്‍ സ്വര്‍ണവും രണ്ടായിരത്തോളം രൂപയും കവര്‍ന്നത്. ഇന്നലെ പ്രതിയെ വീട്ടമ്മയെ കെട്ടിയിട്ട വീട്ടിലും പോലീസുകാരനെ കുത്തിയ സ്ഥലത്തും എത്തിച്ചു തെളിവെടുപ്പ് നടത്തി. തനിക്ക് പണത്തിന് ആവശ്യം വന്നതിനാലാണ് കവര്‍ച്ച ചെയ്തതെന്നും നാട്ടുകാര്‍ കാണാതിരിക്കാനാണു മണിക്കൂറുകളോളം വീട്ടില്‍ ഇരുന്നതെന്നും ഇയാള്‍ പോലീസിനു മൊഴി നല്‍കി. വായില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തിയാണ് മാല ഊരി വാങ്ങിയത്. മുഖത്ത് അടിയ്ക്കുകയും ചെയ്തിരുന്നു.
മാലയും 1300 രൂപയും മാത്രമാണ് മോഷ്ടിച്ചെതെന്നുമാണ് ഇയാള്‍ തെളിവെടുപ്പ് വേളയില്‍ പോലീസിനോടു പറഞ്ഞത്. തെളിവെടുപ്പിനു ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി. എസ്.എച്ച്.ഒ. ശ്രീജിത്, എസ്.ഐ. എം.എച്ച്. അനുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. അതേസമയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിവില്‍ പോലീസ് ഓഫീസറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തെളിവെടുപ്പിനുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.