-->
ഇന്ന് ഭൂരിഭാഗം ആളുകളും ഓണ്‍ലൈന്‍ ഭക്ഷ്യസര്‍വ്വീസുകളെയാണ് ആശ്രയിക്കുന്നത്. ഓര്‍ഡര്‍ നല്‍കുന്ന ഭക്ഷണങ്ങള്‍ അതത് ഭക്ഷ്യശൃംഖലയുടെ ഏജന്റുമാരാര്‍ നമ്മുടെ കൈയ്യില്‍ കൊണ്ടെത്തിക്കുകയാണ് പതിവ്. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ സ്വിഗി, സൊമാറ്റോ ഡെലിവറി ഏജന്റുമാര്‍ കസ്റ്റമര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കഴിക്കുന്നു എന്ന തരത്തിലുള്ള അനേകം വീഡിയോകളും ചിത്രങ്ങളും പുറത്ത് വരാറുണ്ട്. ചിലപ്പോള്‍ നാം കരുതുന്നതേ ആയിരിക്കില്ല സത്യം. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കിരണ്‍ വര്‍മ്മ എന്നൊരാളാണ് പോസ്റ്റിട്ടിരിക്കുന്നത്. നോയിഡയില്‍ തന്റെ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് കിരണ്‍ വര്‍മ്മ ആ കാഴ്ച കണ്ടത്. തന്റെ ബൈക്കിലിരുന്നു കൊണ്ട് ഒരു ഡെലിവറി ബോയ് ഭക്ഷണം കഴിക്കുന്നു. ആദ്യം, കിരണ്‍ വര്‍മ്മ കരുതിയത് അത് ഏതോ ഒരു കസ്റ്റമര്‍ ഓര്‍ഡര്‍ ചെയ്തതാണ് എന്നാണത്രെ. എന്നാല്‍ വിശാല്‍ (സാങ്കല്പിക നാമം) എന്ന ഡോലിവറി ബോയ്‌യുമായി സംസാരിച്ചപ്പോഴാണ് താന്‍ കരുതിയതല്ല സത്യം എന്ന് അയാള്‍ തിരിച്ചറിയുന്നത്.
സൊമാറ്റോയുടെ ഈ മധുരതരമായ, അധാര്‍മികമായ പ്രവൃത്തിക്ക് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് ഇയാള്‍ പോസ്റ്റിട്ടിരിക്കുന്നത്. ഇന്നലെ താന്‍ നോയിഡയില്‍ കാര്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു. അപ്പോഴാണ് ഒരു ബൈക്കര്‍ തന്റെ ബൈക്കിലിരുന്നു ഭക്ഷണം കഴിക്കുന്നത് കണ്ടത് എന്നും പോസ്റ്റില്‍ പറയുന്നു. പിന്നീട് യുവാവിന്റെ ചിത്രം പകര്‍ത്തിയെന്നും സംസാരിച്ചെന്നും കിരണ്‍ പറയുന്നുണ്ട്. അപ്പോഴാണ് രണ്ട് മണിക്കാണ് യുവാവ് ആ ഓര്‍ഡര്‍ എടുത്തത് എന്ന് മനസിലായത്. ഡെലിവറി ചെയ്യേണ്ട ലൊക്കേഷനില്‍ എത്തിയപ്പോള്‍ ഭക്ഷണം വാങ്ങാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ല.
സൊമാറ്റോയുടെ നയമനുസരിച്ച്, ഓര്‍ഡര്‍ ഡെലിവറി ചെയ്തു എന്ന് അടയാളപ്പെടുത്താനാണ് യുവാവിനോട് പറഞ്ഞത്. വീണ്ടും വീണ്ടും ശ്രമിക്കുന്നതും മറ്റ് സങ്കീര്‍ണതകളും ഒഴിവാക്കാനാണ് ഇത്. അങ്ങനെ ചെയ്തു കഴിഞ്ഞാല്‍ ആ ഭക്ഷണം പിന്നെ ഡെലിവറി ഏജന്റുമാര്‍ക്ക് എടുക്കാവുന്നതാണ്. ഈ രീതി നല്ലതാണ് എന്ന് പറഞ്ഞാണ് കിരണ്‍ വര്‍മ്മ പോസ്റ്റിട്ടിരിക്കുന്നത്. ഭക്ഷണം പാഴാക്കി കളയേണ്ടതുമില്ല, ഡെലിവറി ഏജന്റുമാര്‍ക്ക് ആ നേരത്തെ ഭക്ഷണത്തിന്റെ കാശും ലാഭിക്കാം. എന്തായാലും, പോസ്റ്റില്‍ സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയലിന് നന്ദിയും പറയുന്നുണ്ട്.