-->
സിനിമകളിലൂയെടും ടെലിവിഷൻ പരിപാടികളിലൂടെയും മലയാളികളുടെ മനസിൽ ഇടംനേടിയ താരങ്ങളാണ് നടൻ ഗോവിന്ദ് പദ്മസൂര്യയും ഭാര്യയും നടിയുമായ ഗോപിക അനിലും. അർജന്റീന, അന്റാർട്ടിക്ക തുടങ്ങിയ സ്ഥലങ്ങളിലെ യാത്രാ ചിത്രങ്ങളും വീഡിയോകളുമെല്ലാം ജിപിയും ഗോപികയും അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
താരങ്ങൾ പങ്കുവച്ച ബ്രസീൽ യാത്രയുടെ പുതിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ബ്രസീലിയൽ കലാകാരന്മാർക്കൊപ്പം സാംബാ നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇരുവരും പങ്കുവച്ചത്. ലോകത്തിലെ അവസാന നഗരമെന്ന് അറിയപ്പെടുന്ന ഉഷുവയയിൽ നിന്നുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം ഇരുവരും പങ്കുവച്ചിരുന്നു.
എം. ജി. ശശി സംവിധാനം ചെയ്ത 'അടയാളങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഡാഡികൂൾ, ഐജി, വർഷം, പ്രേതം 2 എന്നിവയാണ് പ്രധാന സിനിമകൾ. കീ എന്ന ചിത്രത്തിലൂടെ തമിഴിലും 'അല വൈകുണ്ഠപുരമുലു' എന്ന ചിത്രത്തിലൂടെ തെലുങ്കിലും അഭിനയിച്ചു. ടെലിവിഷൻ അവതാരകൻ എന്ന നിലയിലും ജിപി ഏറെ ശ്രദ്ധേയനാണ്.
ബാലതാരമായിട്ടാണ് ഗോപിക സിനിമയിൽ എത്തിയത്. ശിവം എന്ന ബിജു മേനോൻ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ചു. മയിലാട്ടം എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി തിളങ്ങിയ ഗോപികയുടെ രണ്ടാം വരവ് മിനിസ്ക്രീനിലൂടെയായിരുന്നു. കബനി എന്ന സീരിയലിൽ ആയിരുന്നു തുടക്കം. പിന്നീടാണ് സാന്ത്വനത്തിലേക്ക് എത്തിയത്. ആയുർവേദ ഡോക്ടറാണ് ഗോപിക.