-->
കാക്കിനാഡ: തമിഴര്‍ക്ക് ഹിന്ദിവേണ്ട, ഹിന്ദിസിനിമയും ബോളിവുഡും അവിടുത്തെ പണവും വേണമെന്ന് ജനസേന പാര്‍ട്ടി മേധാവിയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണ്‍. രാജ്യത്തിന് 'രണ്ടല്ല, തമിഴ് ഉള്‍പ്പെടെ ഒന്നിലധികം ഭാഷകള്‍ ആവശ്യമാണ്' എന്ന് പറഞ്ഞു. കേന്ദ്ര സര്‍ക്കാരും തമിഴ്‌നാടും തമ്മിലുള്ള ഭാഷാ തര്‍ക്കത്തിനിടയിലാണ് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണിന്റെ പ്രതികരണം.
'നമ്മുടെ രാജ്യത്തിന്റെ അഖണ്ഡത നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് രണ്ടല്ല, തമിഴ് ഉള്‍പ്പെടെ ഒന്നിലധികം ഭാഷകള്‍ ആവശ്യമാണ്. ജനങ്ങള്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും വളര്‍ത്താനും നാം ഭാഷാ വൈവിധ്യം സ്വീകരിക്കണം,' കാക്കിനാഡ ജില്ലയിലെ ജില്ലയിലെ പിതാപുരം പട്ടണത്തില്‍ നടന്ന ജനസേന പാര്‍ട്ടിയുടെ 12-ാം സ്ഥാപക ദിനാഘോഷത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് കല്യാണ്‍ പറഞ്ഞു.
'ഹിന്ദി അടിച്ചേല്‍പ്പിക്കല്‍' എന്ന് ആരോപിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആരോപണങ്ങള്‍ക്കും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍ഇപി) ത്രിഭാഷാ ഫോര്‍മുല നടപ്പാക്കാന്‍ അദ്ദേഹം വിസമ്മതിക്കുന്നതിനുമിടയിലാണ് ശ്രീ കല്യാണിന്റെ പരാമര്‍ശം. ഡിഎംകെ യെ് നേരിട്ട് പരാമര്‍ശിക്കാതെ, തമിഴ്നാട്ടിലെ രാഷ്ട്രീയക്കാര്‍ കാപട്യക്കാരാണെന്ന് കല്യാണ്‍ ആരോപിച്ചു.
ഹിന്ദിയെ എതിര്‍ക്കുമ്പോള്‍ തന്നെ, സാമ്പത്തിക നേട്ടത്തിനായി തമിഴ് സിനിമകള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റാന്‍ അവര്‍ അനുവദിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ''ചിലര്‍ സംസ്‌കൃതത്തെ വിമര്‍ശിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
സാമ്പത്തിക ലാഭത്തിനായി തമിഴ്നാട് രാഷ്ട്രീയക്കാര്‍ ഹിന്ദിയെ എതിര്‍ക്കുകയും അതേസമയം അവരുടെ സിനിമകള്‍ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? അവര്‍ക്ക് ബോളിവുഡില്‍ നിന്ന് പണം വേണം, പക്ഷേ ഹിന്ദി സ്വീകരിക്കാന്‍ വിസമ്മതിക്കുന്നു. അത് എന്ത് തരത്തിലുള്ള യുക്തിയാണ?'' കല്യാണ്‍ ചോദിച്ചു.