-->
പുതുമുഖസംവിധായകനായ ശിവപ്രസാദ് സംവിധാനം ചെയ്ത് ബേസില്‍ ജോസഫ് കേന്ദ്ര കഥാപാത്രമാകുന്ന ‘മരണമാസ്സ്’ അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ പ്രേക്ഷകര്‍ ആവേശത്തിലാണ്. ബേസിലിന്റെ ലുക്ക് പോലും പുറത്തു കാട്ടാതെയായിരുന്നു ‘മരണമാസ്സി’ന്റെ അപ്ഡേഷനുകള്‍ പുറത്തു വന്നിരുന്നത്. വിഷു റിലീസായി തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രം നിർമിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേല്‍ ഫിലിം പ്രൊഡക്ഷൻസ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടോവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്സ്‌റ്റണ്‍ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്.
ഇപ്പോഴിതാ സിനിമയുടെ കിടിലന്‍ പ്രൊമോ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വള്ളിക്കുന്ന് ലോക്കല്‍ ചാനലിന് ബേസിലിന്റെ കഥാപാത്രം നല്‍കുന്ന രസകരമായ അഭിമുഖവും ടീസറില്‍ കാണാം.
‘‘ഇവിടുത്തെ നാട്ടുകാരോടൊക്കെ ചോദിച്ചാല്‍ അറിയാം ഞാൻ ഡെയിലി അവരെ സഹായിക്കാറുണ്ട്. പണ്ട് സ്കൂളിലെ കുട്ടികള്‍ക്ക്, ടീച്ചേഴ്സ് ഒരു ശല്യമായി മാറുന്നു എന്ന് സാഹചര്യം വന്നപ്പോള്‍ ഞാൻ സ്റ്റാഫ് റൂം കത്തിച്ചിട്ടുണ്ട്. സ്കൂള്‍ അങ്ങനെ രണ്ടാഴ്ച അടച്ചു വക്കേണ്ട സാഹചര്യം ഉണ്ടായി. കുട്ടികള്‍ക്ക് അതൊരു വലിയ ഉണര്‍വ്വ് ആയിരുന്നു...’’ എന്ന് വാചാലമായി സംസാരിക്കുന്ന ബേസില്‍ കഥാപാത്രത്തെയാണ് ടീസറില്‍ കാണാം.
അതുപോലെ തന്നെ ഒരു ചാനല്‍ ചര്‍ച്ചയും കാണിക്കുന്നുണ്ട് ടീസറില്‍. ‘‘ചക്രവാളത്തിലെ ജീവകണങ്ങളുടെ ആദി നാളത്തെ സാക്ഷ്യപ്പെടുത്തി കൊണ്ട് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്റെ തലക്ക് ചുറ്റികക്ക് അടിച്ച് കൊല്ലുന്ന മരണനാളത്തിന്റെ മിടിപ്പിലേക്ക്, ആമാശയത്തിലേക്ക് എത്താൻ കൊതിക്കുന്ന നൊമ്പര പൂവൻ പഴങ്ങളുടെ കരച്ചിലിന് സാക്ഷ്യമാക്കിയ ആ ജീവന്റെ വെളിച്ചം കൂടി കൂട് വിട്ടിറങ്ങി...’’ എന്നൊക്കെ ചാനല്‍ ഫ്ളോറില്‍ ഇരുന്ന് ക്ഷുഭിതനായി പ്രതികരണം നടത്തുന്ന ഒരു അവതാരകനെയും ടീസറില്‍ കാണാം.
വീഡിയോ വൈറലായതോടെ കമന്റുകളും നിറയുന്നുണ്ട്. ‘ഈ കഥാപാത്രങ്ങള്‍ ആരെങ്കിലുമായി സാമ്യം തോന്നുകയാണെകില്‍ അത് തികച്ചും സാങ്കല്‍പ്പികം മാത്രം ആണ്, ടീസറിലെ അവതാരകനു ഹാഷ്മി റഫറൻസ് ഉണ്ടല്ലോ, എന്താ ടൈമിംഗ്, ഇപ്പോഴത്തെ സാഹചര്യത്തിന്നു പറ്റിയെ ക്യാരക്ടര്‍ ആന്ന് തോന്നുന്നു ബേസില്‍....’ എന്നതടക്കമാണ് കമന്റുകള്‍. മരണമാസ് ടീസർ ഇതിനകം ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായി കഴിഞ്ഞു.
പൂർണ്ണമായും ഡാർക്ക് ഹ്യൂമറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനില്‍കുമാർ, ബിപിൻ ചന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റ്‌അപില്‍ ആണ് ബേസില്‍ ജോസഫ് എത്തുന്നത്. രസകരവും ഒപ്പം സ്റ്റൈലിഷുമായ ലുക്കാണ് ചിത്രത്തില്‍ ബേസിലിന്റേത്. നടൻ സിജു സണ്ണിയുടേതാണ് കഥ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. പൂർണമായും നർമത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ഒരുങ്ങുന്ന ചിത്രമാണ് മരണമാസ്സ് എന്നാണ് അണിയറ പ്രവർത്തകർ നല്‍കുന്ന സൂചന. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയുടെ സഹസംവിധായകനും ഷോർട്ട് ഫിലിമുകളിലൂടെയും പരസ്യചിത്രങ്ങളിലുടെ ശ്രദ്ധേയനുമായ വ്യക്തിയാണ് ശിവപ്രസാദ്.