-->
പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള യുവതാരങ്ങളാണ് ബേസില്‍ ജോസഫും ടൊവിനോ തോമസും. ഇവരുടെ കോമ്പോ സിനിമകളില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലെ സൗഹൃദത്തിലൂടെയും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ കമന്റുകളിലൂടെയും വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ബേസില്‍ സംവിധായകനായും ടൊവിനോ നായകനായും എത്തിയ സിനിമകള്‍ തീയേറ്ററിൽ ബ്ലോക്ക്‌ബസ്റ്റർ ആയിട്ടുണ്ട്.
ഇവർ രണ്ടാളും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് 'അതിരടി'. ടോവിനോ, ബേസിൽ, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മള്‍ട്ടി സ്റ്റാർ ചിത്രമാണ് നവാഗതനായ അരുണ്‍ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അതിരടി'.
ഇതിൽ ശ്രീക്കുട്ടൻ വെള്ളായണി എന്ന ഗായകന്റെ വേഷത്തിലാണ് ടോവിനോ തോമസ് എത്തുന്നത്. ഇക്കഴിഞ്ഞ ദിവസം തന്റെ കഥാപാത്രത്തിന്റെ ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ ടൊവിനോ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ ടോവിനോയുടെ ചിത്രത്തിന് ബേസില്‍ ജോസഫ് നൽകിയ കമന്റും അതിന് ടൊവിനോ നല്‍കിയ മറുപടിയുമാണ് ശ്രദ്ധിക്കപ്പെടുന്നത്. കൈയ്യില്‍ രുദ്രവീണയുമായി ഇരിക്കുന്ന ചിത്രമാണ് ടൊവിനോ പോസ്റ്റു ചെയ്തത്.
‘‘മീറ്റ് ശ്രീക്കുട്ടൻ വെള്ളായണി,
(നടുവിളാ കത്ത് പുത്തൻ വീട്
വിവേകാനന്ദ നഗർ
വെള്ളായണി
ടി.സി. 56/2250
തിരുവനന്തപുരം
പിൻകോഡ് - 695522) ഫ്രം അതിരടി...’’ എന്ന ക്യാപ്ഷൻ നൽകിയാണ് ടോവിനോ ക്യാരക്ടർ പോസ്റ്റർ പങ്കിട്ടത്. അതിനു താഴെയാണ് കിടിലം കമന്റുകൾ സഹതാരവും സുഹൃത്തുമായ ബേസിൽ നൽകിയത്.
‘കുട്ടേട്ടാ, ഒരു ഫോട്ടോ തരുവോ? പഴ്സില്‍ വെക്കാൻ...’ എന്നായിരുന്നു ബേസില്‍ കമന്റ് ബോക്സില്‍ കുറിച്ചത്. ‘താരാല്ലോ!! ബ്ലാക്ക് ആൻഡ് വൈറ്റ് വേണോ അതോ കളർ മതിയോ???’ എന്നാണതിന് ടൊവിനോ നൽകിയ മറുപടി. ഇതിനു പിന്നാലെ സുരഭി ലക്ഷ്മി, ആർജെ മാത്തുക്കുട്ടി, അരുണ്‍ ബോസ് തുടങ്ങി മറ്റു നിരവധി ചലച്ചിത്ര പ്രവർത്തകും പോസ്റ്റില്‍ രസകരമായ കമന്റുകള്‍ പങ്കുവച്ചു. പതിവു പോലെ സോഷ്യൽ മീഡിയയിലൂടെയുള്ള ഇരുവരുടെയും കൗണ്ടറുകള്‍ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
നേരത്തെ ചിത്രത്തിലെ ബേസില്‍ ജോസഫിന്റെ ക്യാരക്ടർ പോസ്റ്ററും പുറത്തു വന്നിരുന്നു. സാം ബോയ് എന്ന് വിളിപ്പേരുള്ള ഒരു കോളേജ് വിദ്യാർത്ഥിയായാണ് ബേസില്‍ ഈ ചിത്രത്തിലഭിനയിക്കുന്നത്. കോളേജ് വിദ്യാർഥിയുടെ ലുക്കില്‍ ഗംഭീര മേക്കോവറിൽ സ്റ്റൈലിഷ് ലുക്കിലാണ് ബേസിലിനെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആ ചിത്രം ബേസിൽ പങ്കുവച്ചപ്പോൾ അതിനു ടോവിനോ നൽകിയ കമന്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ നാടൻ ലുക്കിലുള്ള ടോവിനോയുടെ ചിത്രവും ഏറ്റെടുക്കുകയാണ് ആരാധകർ.
മെയ് 14 നാണ് അതിരടിയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റെർറ്റൈനെറായി ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറില്‍ ഡോ. അനന്തു എസും, ബേസില്‍ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറില്‍ ബേസില്‍ ജോസഫും ചേർന്നാണ്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ.