-->
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ തുടര്‍ച്ചയായുള്ള ഒമ്പതാം ബജറ്റിനായി രാജ്യം കാതോര്‍ത്തിരിക്കെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇത്തവണ വലിയ പ്രതീക്ഷയില്‍. ബജറ്റില്‍ പരിഗണിക്കാനായി 29 ആവശ്യങ്ങള്‍ അടങ്ങിയ കത്ത് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന് കൈമാറിയിട്ടുണ്ട്.
ബജറ്റില്‍ കേരളത്തിന് എന്തെല്ലാം പ്രത്യേക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് നോക്കുന്നത്. നടപ്പുസാമ്പത്തീക വര്‍ഷത്തെ കടമെടുപ്പ് പരിധിയിലെ വെട്ടിക്കുറവ് മൂലമുണ്ടായ നഷ്ടം പരിഹരിക്കാനുള്ള സാമ്പത്തീക സഹായം കിട്ടുമോ എന്നും സംസ്ഥാനം പരിശോധിക്കുന്നുണ്ട്. ബിജെപി സര്‍ക്കാരിന്റെ ബജറ്റുകളില്‍ കാലങ്ങളായി കേരളത്തെ അവഗണിക്കുകയാണെന്ന പരാതി ഇടതു സര്‍ക്കാരിനുണ്ട്.
വിഴിഞ്ഞം പദ്ധതിയുടെ അടുത്തഘട്ട വികസനം, 21,000 കോടിയുടെ പ്രതേ്യക സാമ്പത്തിക പാക്കേജ്, നെല്ല് സംരക്ഷണത്തിനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ധനസഹായം എന്നിവയാണ് കേരളത്തിന്റെ പ്രധാന ആവശ്യം. കേരളത്തിന് എയിംസ് അനുവദിക്കുമോ അത് ഏത് ജില്ലയിലായിരിക്കും തുടങ്ങിയ ആകാംഷയും കേരളത്തിനുണ്ട്. മെട്രോമാന്‍ ഇ ശ്രീധരന്‍ പറഞ്ഞ അതിവേഗ റെയില്‍വേ വരുമോ തിരുവനന്തപുരം മെട്രോ വരുമോ, കൊച്ചിമെട്രോ നീട്ടുമോ, പ്രതിരോധ ഇടനാഴി വരുമോ തുടങ്ങിയ കാര്യങ്ങളും കേരളം കാത്തിരിക്കുകയാണ്.
കഴിഞ്ഞ തവണ 12 ലക്ഷം വരെയുള്ളവരെ ആദായനികുതിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തവണ ആദായ നികുതിയില്‍ കാര്യമായ ഇളവ് പ്രതീക്ഷിക്കുന്നില്ല. അതുപോലെ തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തുന്ന താരിഫ് ഭീഷണി മറികടക്കാന്‍ ബജറ്റില്‍ എന്തുണ്ടാകുമെന്നും രാജ്യം ഉറ്റുനോക്കുന്നുണ്ട്.