-->
ആലപ്പുഴ: കോണ്‍ഗ്രസ് പിന്തുണ സ്വീകരിച്ചതിനെതിരായ വിമര്‍ശനങ്ങളെ കടന്നാക്രമിച്ചുള്ള ജി. സുധാകരന്റെ പരാമര്‍ശങ്ങള്‍ സി.പി.എം നേതൃത്വത്തെ വെട്ടിലാക്കുന്നു. തമിഴ്‌നാട്ടിലും ബംഗാളിലും ഒറ്റ മുന്നണിയല്ലേയെന്നും കോണ്‍ഗ്രസുമായി ചേര്‍ന്നല്ലേ സി.പി.എം മത്സരിച്ചതെന്നുമാണ് സുധാകരന്റെ ചോദ്യം. തോമസ് ഐസക്കും വിജയരാഘവനും തമിഴ്‌നാട്ടില്‍ പോയി പ്രസംഗിച്ചില്ലേയെന്നും ഇന്നലെ അദ്ദേഹം ചോദിച്ചു.
അനുജന്റെ രക്‌തസാക്ഷിത്വം ഉയര്‍ത്തിക്കാട്ടി സുധാകരനെതിരേ സി.പി.എം നേതാക്കളും സൈബര്‍ പോരാളികളും ആക്ഷേപമുന്നയിച്ചപ്പോള്‍ ഇന്ത്യാസഖ്യത്തിലെ പങ്കാളിത്തം ചൂണ്ടിക്കാട്ടി അദ്ദേഹം പ്രതിരോധിച്ചിരുന്നു. അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായ ശേഷം പാര്‍ട്ടി ജില്ലാ ഘടകത്തില്‍നിന്നു നേരിട്ട വിഷമതകള്‍ മാത്രമേ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നുള്ളൂ. സുധാകരനെ അവഗണിച്ചു മുന്നോട്ടുപോകാനാണ് സി.പി.എം സംസ്‌ഥാന നേതൃത്വം ജില്ലാ നേതാക്കള്‍ക്ക് ആദ്യം നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ആലപ്പുഴ ജില്ലയിലെ ഒന്നിലേറെ മണ്ഡലങ്ങളില്‍ സുധാകരന്‍ ഇഫക്‌ട് പ്രതിഫലിച്ചേക്കുമെന്ന സൂചനകള്‍ നേതൃത്വത്തെ വീണ്ടും പ്രതിരോധത്തിനു പ്രേരിപ്പിച്ചു.
അമ്പലപ്പുഴയ്‌ക്കു പുറമേ കായംകുളം, ചേര്‍ത്തല, ചെങ്ങന്നൂര്‍, കുട്ടനാട് തുടങ്ങിയ മണ്ഡലങ്ങളിലും സുധാകരന്‍ വിഷയം എല്‍.ഡി.എഫിനു തിരിച്ചടിയാകുമെന്ന ആശങ്ക നേതാക്കള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. സുധാകരനെ രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിനെതിരേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നും വ്യക്‌തമാക്കിക്കഴിഞ്ഞു.