-->
തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍നിന്നുള്ള അഘോരി വിഭാഗത്തില്‍പെടുന്ന സന്യാസിമാര്‍ ഉള്‍പ്പെടുന്ന സംഘം തിരുവനന്തപുരത്ത്. ബി.ജെ.പി. ജില്ലാ ഓഫിസിലും സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെയും സന്ദര്‍ശിച്ചു. ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രചാരണം നടത്തിയിരുന്ന നെടുങ്കാട് എത്തിയാണ് അദ്ദേഹത്തെ അനുഗ്രഹിച്ചത്. ചുറ്റുമുണ്ടായിരുന്നവരും അഘോരിയുടെ അനുഗ്രഹം തേടി.
തമിഴ്‌നാട്ടില്‍നിന്നുള്ള യാത്രയ്‌ക്കിടെ തിരുവനന്തപുരത്ത് എത്തിയ സന്യാസിമാര്‍ രാജീവ് ചന്ദ്രശേഖറിനെ കാണാന്‍ ആഗ്രഹം അറിയിച്ചപ്പോള്‍ സമ്മതം നല്‍കുകയായിരുന്നുവെന്നും ഇക്കാര്യത്തില്‍ രാഷ്‌ട്രീയ വിവാദത്തിന്റെ ആവശ്യമില്ലെന്നും ബി.ജെ.പി. നേതാക്കള്‍ പ്രതികരിച്ചു. രണ്ട് സന്യാസിമാരും ഒരു അഘോരിയുമാണു സംഘത്തിലുണ്ടായിരുന്നത്.
യു.പിയില്‍നിന്നു കാറിലാണ് സംഘം യാത്ര നടത്തുന്നത്. രാവിലെയാണ് സന്യാസിമാര്‍ ബി.ജെ.പി. ജില്ലാ ആസ്‌ഥാനത്തിനു മുന്നില്‍ എത്തിയത്. കാശിയില്‍നിന്നാണു വരുന്നതെന്നും ബി.ജെ.പി. എം.എല്‍.എമാരെ ആശീര്‍വദിക്കാന്‍ എത്തിയതാണെന്നുമാണ് അവര്‍ പറഞ്ഞു.
കേരളത്തില്‍ ബി.ജെ.പിക്ക് എം.എല്‍.എമാര്‍ ആരും ഇല്ലെന്നു പറഞ്ഞപ്പോള്‍ ഇത്തവണ ഉറപ്പായും ബി.ജെ.പി. ജയിക്കുമെന്നായിരുന്നു മറുപടി. തിരുവനന്തപുരത്തുനിന്നു നേരേ കാശിയിലേക്കാണ് യാത്രയെന്നും സന്യാസിമാര്‍ പറഞ്ഞു.