-->
കോട്ടയം: രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയച്ച കത്തില്‍ ബി.ജെ.പിയുടെ സീല്‍. സി.പി.എമ്മാണ് ആരോപണവുമായി രംഗത്തെത്തിയത്. 2019 മാര്‍ച്ച് 19 ന് തയാറാക്കിയ കത്താണു രണ്ട് ദിവസം മുമ്പ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ഇമെയിലായി ലഭിച്ചത്. എന്നാല്‍, കത്ത് 'ക്ലറിക്കല്‍ പിശകാണെന്ന്' തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്‌തമാക്കി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക സീലിന് പകരം ബി.ജെ.പി കേരള ഘടകത്തിന്റെ സീല്‍ പതിപ്പിച്ചതാണു വിവാദമായത്. തിരുത്തല്‍ വരുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. പിഴവു വരുത്തിയ അസിസ്‌റ്റന്റ് സെക്ഷന്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്‌തു.
'തെരഞ്ഞെടുപ്പ് കമ്മിഷനെയും ബി.ജെ.പിയെയും ഒരേ അധികാര കേന്ദ്രം നിയന്ത്രിക്കുന്നു എന്നത് രഹസ്യമല്ല. അങ്ങനെയെങ്കില്‍ പോലും, കുറഞ്ഞപക്ഷം രണ്ട് രീതിയിലെങ്കിലും പ്രവര്‍ത്തിച്ചുകൂടേ'- സി.പി.എം. പരിഹസിച്ചു. 'ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമര പ്രത്യക്ഷപ്പെടുന്നു' എന്നതുപോലെ, ഇവിടെ മറ്റൊരു 'യാദൃശ്‌ചികത' വരുന്നതായി സി.പി.എം. ആരോപിച്ചു.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടിയുടെ സീല്‍ വന്നത് പിഴവാണെന്നും അതു തിരിച്ചറിഞ്ഞു നേരത്തെ തന്നെ തിരുത്തല്‍ നടത്തിയതാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു. 'ബി.ജെ.പി കേരള ഘടകം അടുത്തിടെയാണു സ്‌ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്‌ചാത്തലം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച 2019ലെ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്‌തത തേടി സി.ഇ.ഒയുടെ ഓഫീസുമായി ബന്ധപ്പെട്ടത്. അവരുടെ അഭ്യര്‍ത്ഥനയോടൊപ്പം, 2019ലെ യഥാര്‍ത്ഥ നിര്‍ദേശത്തിന്റെ ഒരു പകര്‍പ്പും സമര്‍പ്പിച്ചു. ആ പ്രത്യേക പകര്‍പ്പിലാണ് പാര്‍ട്ടി സീല്‍ ഉണ്ടായിരുന്നത്. അശ്രദ്ധ മൂലം പാര്‍ട്ടി സമര്‍പ്പിച്ച പഴയ കത്ത് രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുകയാണ് ഉണ്ടായത്. എന്നാല്‍ ഈ നിര്‍ദേശത്തിനു 2019 നു ശേഷം മാറ്റങ്ങള്‍ വന്നിട്ടുള്ളതും അത് പാര്‍ട്ടികളെ അറിയിച്ചിട്ടുള്ളതുമാണ്'- അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ മറ്റൊരു ശക്‌തിക്കും ഇടപെടാന്‍ സാധിക്കാതെ പഴുതടച്ചുള്ള പ്രവര്‍ത്തങ്ങള്‍ ആണ് കമ്മിഷന്‍ നടത്തി വരുന്നതെന്നും രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു.