Tuesday, March 24, 2026 Last Updated 22 Min 50 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 23 Mar 2026 11.43 PM

ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ച അന്വേഷണം അട്ടിമറിച്ചു; ബി.ജെ.പി.- സി.പി.എം. ഡീല്‍ വ്യക്‌തം: ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാനും പകരം ഭരണത്തുടര്‍ച്ച ഉറപ്പാക്കാനും സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ അവിശുദ്ധമായ രാഷ്‌ട്രീയ കച്ചവടം നടക്കുകയാണെന്നും രമേശ്‌ ആരോപിച്ചു.
Sabarimala

കൊച്ചി: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന്‌ രമേശ്‌ ചെന്നിത്തല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാനും പകരം ഭരണത്തുടര്‍ച്ച ഉറപ്പാക്കാനും സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ അവിശുദ്ധമായ രാഷ്‌ട്രീയ കച്ചവടം നടക്കുകയാണെന്നും രമേശ്‌ ആരോപിച്ചു.

പാലക്കാടും ഏറ്റുമാനൂരും ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പി സ്‌ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വരുത്തിയ മാറ്റങ്ങളും 20-20 പോലുള്ള സംഘടനകളെ ഉപയോഗിച്ചുള്ള നീക്കങ്ങളും യു.ഡി.എഫിനെ തകര്‍ക്കാന്‍ മോദിയും അമിത്‌ ഷായും പിണറായി വിജയനും ചേര്‍ന്നുണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമാണ്‌.ബി.ജെ.പിക്ക്‌ ചെയ്യുന്ന ഓരോ വോട്ടും പിണറായി വിജയനെ സഹായിക്കാനാണെന്ന്‌ ജനങ്ങള്‍ തിരിച്ചറിയും.

ശബരിമല വിഷയത്തില്‍ ഭക്‌തജനങ്ങളെ കബളിപ്പിക്കുന്ന സമീപനമാണ്‌ സര്‍ക്കാര്‍ ഇപ്പോഴും സ്വീകരിക്കുന്നത്‌. ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണം സര്‍ക്കാര്‍ ബോധപൂര്‍വ്വം അട്ടിമറിച്ചു. കേസില്‍ പ്രതികളായ സി.പി.എം നേതാക്കളെ രക്ഷിക്കാന്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ അവര്‍ക്ക്‌ ജാമ്യം ലഭിക്കാന്‍ എസ്‌.ഐ.ടിക്ക്‌ മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി.

വിശ്വാസികള്‍ക്കൊപ്പമാണെന്ന്‌ പുറമെ പറയുമ്പോഴും, ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന പഴയ സത്യവാങ്‌മൂലത്തില്‍ തന്നെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉറച്ചുനില്‍ക്കുന്നത്‌ ഭക്‌തരോടുള്ള പരസ്യമായ വഞ്ചനയാണ്‌. വിശ്വാസികളുടെ ഹൃദയം മുറിപ്പെടുത്തിയ മുഖ്യമന്ത്രി പത്തനംതിട്ടയില്‍ എത്തുമ്പോള്‍ ജനങ്ങളോട്‌ മാപ്പ്‌ പറയാന്‍ തയ്യാറാകണം.

സ്വന്തം പാര്‍ട്ടിക്കാരനായ ജി. സുധാകരനെപ്പോലെയുള്ള മുതിര്‍ന്ന നേതാവിനെതിരേ മുഖ്യമന്ത്രി ഉപയോഗിച്ച ഭാഷ കേരളീയ സംസ്‌കാരത്തിന്‌ നിരക്കാത്തതാണ്‌. നരേന്ദ്ര മോദിയെ പ്രീണിപ്പിക്കാനാണ്‌ മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ വ്യക്‌തിപരമായി ആക്രമിക്കുന്നത്‌. രാജ്യത്ത്‌ ബി.ജെ.പിക്കെതിരേ വിട്ടുവീഴ്‌ചയില്ലാതെ പോരാടുന്നത്‌ രാഹുല്‍ ഗാന്ധി മാത്രമാണ്‌.

പാണക്കാട്‌ സാദിഖലി തങ്ങള്‍ക്കെതിരേ സി.പി.എം സൈബര്‍ വിംഗിനെ ഉപയോഗിച്ച്‌ നടത്തുന്ന തരംതാഴ്‌ന്ന ആക്രമണങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്‌. തെരഞ്ഞെടുപ്പ്‌ ലാഭത്തിനായി ഇത്തരം നീചമായ പ്രവര്‍ത്തികള്‍ ആര്‌ ചെയ്‌താലും അംഗീകരിക്കാനാവില്ല. യു.ഡി.എഫിനെ പിന്തുണയ്‌ക്കുന്നവരെ വര്‍ഗീയവാദികളായി ചിത്രീകരിക്കുന്ന സി.പി.എം, ഇപ്പോള്‍ പി.ഡി.പിയുടെ പിന്തുണ സ്വീകരിക്കുന്നത്‌ അവരുടെ ഇരട്ടത്താപ്പാണ്‌ വ്യക്‌തമാക്കുന്നത്‌. പ്രമുഖ കലാകാരന്‍ രമേഷ്‌ പിഷാരടിയെ തോമസ്‌ ഐസക്‌ കോമാളി എന്ന്‌ വിളിച്ചത്‌ രാഷ്‌ട്രീയമായ പാപ്പരത്തമാണ്‌. യു.ഡി.എഫില്‍ അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. തെരഞ്ഞെടുപ്പ്‌ വിജയത്തിനാണ്‌ മുന്‍ഗണന നല്‍കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW