-->
ഭൂമിക്കടിയിലെ മിസൈൽ ശേഖരം കാണിച്ച് ഇറാൻ. ഇറാൻ തങ്ങളുടെ ഒരു വലിയ ഭൂഗർഭ സൈനിക കേന്ദ്രത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. ഇറാന്റെ സൈനിക ശേഷി പൂർണ്ണമായി തകർത്തുവെന്ന അമേരിക്കൻ വാദം തള്ളിക്കളയാനാണ് ഈ നീക്കം. ഇറാനിലെ സർക്കാർ മാധ്യമമായ ഐആർഐബി ന്യൂസ് പുറത്തുവിട്ട വീഡിയോയിൽ ഒരു ഭൂഗർഭ കേന്ദ്രത്തിൽ നിരനിരയായി മിസൈലുകൾ സൂക്ഷിച്ചിരിക്കുന്നത് ദൃശ്യമാണ്. രാജ്യത്തിന്റെ രഹസ്യ ആയുധപ്പുരയുടെ ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണിതെന്നാണ് ഇറാൻ ആയുധ ശേഖരത്തെ വിശേഷിപ്പിച്ചത്.
ഈ ശക്തിപ്രകടനത്തിന് പിന്നാലെയാണ് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് പുതിയ ആക്രമണങ്ങൾ നടത്തിയതായി അവകാശപ്പെട്ടത്. 'ട്രൂ പ്രോമിസ് 4' എന്ന പേരിലുള്ള പ്രതികാര നടപടിയുടെ 75-ാം ഘട്ടമാണിതെന്ന് ഇറാൻ വിശദമാക്കുന്നത്. പ്രസ് ടിവി റിപ്പോർട്ട് അനുസരിച്ച് ഇസ്രയേലി സൈനിക കേന്ദ്രങ്ങളും സൗദി അറേബ്യയിലെ പ്രധാനപ്പെട്ട യുഎസ് സൈനിക താവളമായ 'യുഎസ് പ്രിൻസ് സുൽത്താൻ എയർ ബേസും' ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ പുതിയ ആക്രമണം.
കൊല്ലപ്പെട്ട കമാൻഡർമാരുടെ സ്മരണയ്ക്കായാണ് ഈ ഓപ്പറേഷൻ നടത്തിയതെന്ന് ഐആർജിസി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്. ഇസ്രയേലും അമേരിക്കയും തുടരുന്ന ആക്രമണങ്ങൾക്ക് മറുപടിയാണിതെന്നും അവർ വ്യക്തമാക്കി.