-->
വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ. മൂന്നിൽ ഒന്ന് സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇതിനായി ലോക്സഭാ സീറ്റുകളുടെയും നിയമസഭ സീറ്റുകളുടെയും എണ്ണം കൂട്ടുകയെന്ന പുതിയ നിർദ്ദേശമാണ് അവതരിപ്പിച്ചിരിക്കുന്നത്.
2011 ലെ സെൻസസ് അനുസരിച്ച് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് നിർദേശം. അഞ്ച് പാർട്ടികളുടെ നേതാക്കളുമായി അമിത് ഷാ നടത്തിയ ചർച്ചയിലാണ് വനിതാ സംവരണബിൽ നടപ്പാക്കാൻ പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ രംഗത്തുവന്നത്. നേരത്തെ പാസാക്കിയ നാരീ ശക്തി വന്ദൻ നിയമപ്രകാരം 2026 ലെ സെൻസസും ഇതിന് ശേഷമുള്ള മണ്ഡല പുനർനിർണയവുമനുസരിച്ച് വനിതാ സംവരണ സീറ്റുകൾ നിശ്ചിയിക്കാനായിരുന്നു നിർദേശം. ഇത്രയും കാലതാമസം ഒഴിവാക്കി 2011 ലെ സെൻസസ് പ്രകാരം സംവരണം നടപ്പാക്കാനായി നിയമത്തിൽ ഭേദഗതി കൊണ്ടുവരാനാണ് സർക്കാർ ചർച്ച തുടങ്ങിയത്.
പുതിയ നിർദേശപ്രകാരം ആകെ ലോക്സഭാ സീറ്റുകളുടെ എണ്ണം 543 ൽ നിന്നും 816 ആയി ഉയരും. ഓരോ സംസ്ഥാനത്തും നിലവിലുള്ളതിന്റെ 50 ശതമാനം കൂടി സീറ്റുകൾ കൂട്ടാനാണ് നിർദേശം. ഇതിന് ശേഷം ആകെ മൂന്നിലൊന്ന് അതായത് 273 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യും.