Wednesday, March 25, 2026 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 23 Mar 2026 03.28 PM

പശ്ചിമേഷ്യയിലെ സാഹചര്യം അങ്ങേയറ്റം ആശങ്കാജനകം ; രാജ്യത്ത് എല്‍.പി.ജി. ഉത്പാദനം വര്‍ധിപ്പിക്കും

BJP narendra modi

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം അങ്ങേയറ്റം ആശങ്കാജനകമാണെന്നും ഗള്‍ഫിലെ ഇന്ത്യാക്കാരുടെ സുരക്ഷയാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന കാര്യമെന്നും പ്രധാനമന്ത്രി. ഗള്‍ഫ് മേഖലയിലുള്ള ഏകദേശം ഒരു കോടി വരുന്ന ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി സഭയെ അറിയിച്ചു.

ഈ സംഘര്‍ഷം ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും ഇതുവരെ മൂന്ന് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ സംഘര്‍ഷമേഖലകളില്‍ നിന്ന് സുരക്ഷിതമായി മടങ്ങിയെത്തിയിട്ടുണ്ടെന്നും പറഞ്ഞു. ഇതില്‍ ആയിരത്തിലധികം പേര്‍ ഇറാനില്‍ നിന്നുള്ളവരാണ്. നിര്‍ഭാഗ്യവശാല്‍, സംഘര്‍ഷത്തില്‍ ചില ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടമായതായും മേഖലയിലെ ഇന്ത്യന്‍ എംബസികള്‍ സജീവമായി രംഗത്തുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

സംഘര്‍ഷം ആഗോള സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, രാസവളം എന്നിവയുടെ പ്രധാന പാതയായ ഹോര്‍മൂസ് കടലിടുക്കിലെ ഗതാഗത തടസം രാജ്യത്തെ എല്‍പിജി വിതരണത്തെയും ബാധിച്ചിട്ടുണ്ട്.
നിലവില്‍ ഗാര്‍ഹിക എല്‍പിജി വിതരണത്തിനാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഊര്‍ജ്ജ സ്രോതസ്സുകള്‍ വിപുലീകരിച്ചതിന്റെ ഫലമായി ഇപ്പോള്‍ 41 രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ ഇന്ധനം ഇറക്കുമതി ചെയ്യുന്നുണ്ട്. രാജ്യത്ത് ആവശ്യത്തിന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിച്ചതായും മോദി പറഞ്ഞു.

ഇന്ധനത്തോടൊപ്പം രാസവളങ്ങളുടെ ലഭ്യത ഉറപ്പാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. കാര്‍ഷിക മേഖലയെ തളര്‍ത്താതിരിക്കാന്‍ കര്‍ഷക താല്‍പ്പര്യങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. സമാധാനത്തിനും മാനവികതയ്ക്കുമാണ് ഇന്ത്യ എപ്പോഴും നിലകൊള്ളുന്നത്. യുദ്ധസാഹചര്യത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാണെന്നും സമാധാനപരമായ പരിഹാരത്തിനാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW