-->
വാഷിങ്‌ടണ്‍/ടെഹ്‌റാന്‍: പശ്‌ചിമേഷ്യയിലെ ഇറാന്‍-യു.എസ്, ഇസ്രയേല്‍ യുദ്ധം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കു കൂടി വ്യാപിക്കുന്നു.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ യു.എസ്. സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ദ്വീപ് ലക്ഷ്യമിട്ട് ഇറാന്‍ ബാലിസ്‌റ്റിക് മിസൈല്‍ ആക്രമണം നടത്തി. 4000 കിലോമീറ്റര്‍ അകലെയുള്ള ദ്വീപിലേക്ക് രണ്ടു മിസൈലുകളാണ് ഇറാന്‍ തൊടുത്തുവിട്ടതെന്ന് വാള്‍ സ്‌ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്‌തു. എന്നാല്‍, രണ്ടു മിസൈലുകളും ലക്ഷ്യസ്‌ഥാനത്ത് എത്തിയില്ലെന്ന് യു.എസ്. ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് വാള്‍സ്‌ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്‌തു.
ഒരു മിസൈല്‍ പാതിവഴിയില്‍ തകര്‍ന്നുവീണു. രണ്ടാമത്തേതിനെ അമേരിക്കന്‍ യുദ്ധക്കപ്പലില്‍നിന്നുള്ള പ്രതിരോധ മിസൈല്‍ ഉപയോഗിച്ച് തടയാന്‍ ശ്രമിച്ചെങ്കിലും അത് തകര്‍ക്കപ്പെട്ടോ എന്ന കാര്യത്തില്‍ വ്യക്‌തതയില്ല. മിസൈലുകള്‍ എപ്പോഴാണ് വിക്ഷേപിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല. വൈറ്റ് ഹൗസോ വാഷിങ്‌ടണിലെ ബ്രിട്ടീഷ് എംബസിയോ യു.കെ പ്രതിരോധ മന്ത്രാലയമോ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
ഇറാനില്‍നിന്ന് ഏകദേശം 4,000 കിലോമീറ്റര്‍ അകലെയാണ് ഡീഗോ ഗാര്‍ഷ്യ. യു.കെയുടെ ഉടമസ്‌ഥതയിലുള്ള ഈ ദ്വീപിലാണ് തന്ത്രപ്രധാനമായ യു.എസ്. സൈനിക താവളം സ്‌ഥിതി ചെയ്യുന്നത്. തങ്ങളുടെ മിസൈലുകളുടെ പരിധി 2,000 കിലോമീറ്റര്‍ മാത്രമാണെന്നാണ് ഇറാന്‍ ഇതുവരെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇതിന്റെ ഇരട്ടി ദൂരത്തുള്ള ഡീഗോ ഗാര്‍ഷ്യയെ ലക്ഷ്യം വച്ചതോടെ ഇറാന്‍ കൂടുതല്‍ കരുത്തുള്ള മിസൈല്‍ സ്വന്തമാക്കിയെന്നാണു വ്യക്‌തമാകുന്നത്. യൂറോപ്പിലെ താവളങ്ങളെപ്പോലും ആക്രമിക്കാന്‍ ഇറാനു സാധിക്കുമെന്നതിന്റെ സൂചനയാണ് ഡീഗോ ഗാര്‍ഷ്യ ആക്രമണമെന്നും പ്രതിരോധവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. മിസൈലുകള്‍ ലക്ഷ്യം കൈവരിച്ചോ എന്നതിനേക്കാള്‍, അമേരിക്കയുടെ അതിശക്‌തമായ താവളങ്ങള്‍ പോലും തങ്ങളുടെ പരിധിയിലാണെന്ന രാഷ്‌ട്രീയ സന്ദേശം നല്‍കാനാണ് ഇറാന്‍ ശ്രമിച്ചതെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പശ്‌ചിമേഷ്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും സുരക്ഷാ സമവാക്യങ്ങളെ മാറ്റാന്‍ സാധ്യതയുണ്ട്. എന്നാല്‍, വിഷയത്തില്‍ പെന്റഗണ്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇറാഖ്, അഫ്‌ഗാനിസ്‌ഥാന്‍ എന്നിവിടങ്ങളിലെ യു.എസ്. സൈനിക ഇടപെടലുകളില്‍ ഡീഗോ ഗാര്‍ഷ്യ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. വിദേശത്തുള്ള യു.എസ്. സൈനികതാവളങ്ങളില്‍വച്ച് ഏറ്റവും സുരക്ഷിതയും ശക്‌തവുമാണ് ഈ ദ്വീപ് എന്നുമാണ് വിലയിരുത്തപ്പെട്ടിരുന്നത്. ആണവ അന്തര്‍വാഹിനികള്‍ ഉള്‍പ്പെടെ ഇവിടെ വിന്യസിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍. കന്യകുമാരിയില്‍നിന്ന് രണ്ടായിരത്തോളം കിലോമീറ്റര്‍ മാത്രം അകലെയാണ് ഡീഗോ ഗാര്‍ഷ്യ. പശ്‌ചിമേഷ്യയിലെ യുദ്ധസാഹചര്യം തങ്ങളുടെ മേഖലയിലേക്കു കൂടി പടരുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണെന്നും പ്രതിരോധവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഇറാനിലേക്ക് കരസേനയെ വിന്യസിക്കുന്നതിനുള്ള വിശദമായ തയാറെടുപ്പുകള്‍ യു.എസ് നടത്തിയതായി വിവരം. പെന്റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമമായ സി.ബി.എസ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. കരയുദ്ധത്തിന്റെ സാധ്യതകള്‍ സംബന്ധിച്ച വിശദമായ പദ്ധതി സൈനിക നേതൃത്വം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മുന്നില്‍വെച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ട്രംപ് അന്തിമതീരുമാനമെടുക്കുമെന്ന് പെന്റഗണ്‍ വൃത്തങ്ങള്‍ പറഞ്ഞു.
അതിനിടെ, 'സൈനികരെ അയക്കുന്നില്ല' എന്നായിരുന്നു വ്യാഴാഴ്‌ച ട്രംപ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. എന്നാല്‍, അങ്ങനെ ഉണ്ടെങ്കില്‍ നിങ്ങളോട് പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എസ് കരയാക്രമണത്തിന് തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങളോട് ഇറാനും പ്രതികരിച്ചു. കര ആക്രമണം നടത്തുകയാണെങ്കില്‍ പ്രസിഡന്റ് ട്രംപിന് ഇറാന്‍ 'ഒരു വലിയ സര്‍ൈപ്രസ്' നല്‍കുമെന്ന് ഒരു ഇറാനിയന്‍ സൈനിക ഉദ്യോഗസ്‌ഥന്‍ പറഞ്ഞു. ഇറാന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.